മാഹി: പാറക്കൽ പ്രദേശത്ത് ഇന്നലെ വൈകീട്ട് 6.30ഓടെ പെട്ടെന്ന് ട്രാൻസ്‌ഫോമറിൽ നിന്നും വോൾട്ടേജ് കൂടിയത് മൂലം അധിക വോൾട്ടേജിൽ, നിരവധി വീടുകളിലെ ബൾബുകൾ ഫ്യൂസായി. ചില വീടുകളിലെ ഫാനും കേടായിട്ടുണ്ട്. ചിലയിടങ്ങളിൽ വോൾട്ടേജ് കുറയുകയും ചെയ്തു. വൈദ്യുതി വകുപ്പ് ജീവനക്കാർ വന്നു തകരാറുകൾ പരിഹരിച്ചു.


സന്നദ്ധ പ്രവർത്തകർക്ക് കുടിവെള്ളവും ചായയും എത്തിച്ചു.

മാഹി: അഴിയൂർ ഗ്രാമ പഞ്ചായത്തിലെ പൊതു ജന സേവകർക്ക് കുടിവെള്ളം , ചായ എന്നിവ എത്തിച്ച് പൊതുപ്രവർത്തകരായ മുൻ പഞ്ചായത്തംഗം പി.കെ. സലിം, പാലിയേറ്റിവ് പ്രവർത്തകനായ റുഫൈസ് എന്നിവരുടെ പ്രവർത്തനം മാതൃകയാകുന്നു. എല്ലാ ദിവസവും 100 ചായയും ലഘുകടിയും ചോമ്പാൽ ഹാർബർ മുതൽ മാഹിപ്പാലം വരെയുള്ള പൊതു സ്ഥാപനങ്ങളിലെ പൊതുജന സേവകർക്ക് സൗജന്യമായാണ് നൽകുന്നത്. കുടാതെ സന്നദ്ധ പ്രവർത്തകർക്കുള്ള കുപ്പിവെള്ളം പഞ്ചായത്തിന് നൽകിയിട്ടുണ്ട്, കമ്യൂണിറ്റി കിച്ചണിന് ഒരു ചാക്ക് അരിയും നൽകിയിട്ടുണ്ട്.


ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.
തലശ്ശേരി:കൊവിഡ് 19 ലോക്ക് ഡൗണിൽ പ്രയാസമനുഭവിക്കുന്ന കർഷകർക്ക് തലശ്ശേരി മുനിസിപ്പാലിറ്റി കാർഷികോത്പന്ന സംഭരണ വിതരണ സഹകരണ സംഘം ഏർപ്പെടുത്തിയ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് കർഷകരുടെ വീടുകളിൽ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് സുരാജ് ചിറക്കര , വൈസ് പ്രസിഡന്റ് പാറക്കണ്ടി മോഹനൻ, സെക്രട്ടറി പി.പി.വൈശാഖ്, വി.എം.സുകുമാരൻ,എം.സുരേഷ്ബാബു, വിഎം.ശബരീഷ്,ജയരാജൻ.കെ,സജീവൻ.ടി, രാജീവൻ എന്നിവർ നേതൃത്വം നൽകി.