കോഴിക്കോട്: ഞായറാഴ്ചകളിൽ എ.സി, ഫ്രിഡ്ജ് കട തുറക്കാമെന്ന സർക്കാർ നിർദ്ദേശം കേട്ട് കോഴിക്കോട്ട് ജോലിക്കിറങ്ങിയ 100 ഓളം പേർ കേസിൽ കുടുങ്ങി. വിവിധയിടങ്ങളിലുള്ള എ.സി ഫ്രിഡ്ജ്, മൊബൈൽ ടെക്നീഷന്യൻമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇളവുണ്ടെങ്കിലും സ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡില്ലാതെ പുറത്തിറങ്ങിയാൽ നടപടിയെടുക്കുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. എ.സി മെക്കാനിക്കായ നിധിൻ എ.സി നന്നാക്കാനിറങ്ങിയതായിരുന്നു. എന്നാൽ ജോലിക്കിറങ്ങിയ നിധിനെ ഫറൂഖ് പൊലീസും റവന്യു ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി. സഞ്ചരിച്ച വണ്ടി കസ്റ്റഡിയിലെടുത്ത് കേസെടുത്തു. ഫറൂഖ് പൊലീസ് സ്റ്റേഷനിൽ മാത്രം ഇരുപതിലധികം പേർക്കെതിരെയാണ് കേസെടുത്തത്.