കാസർകോട്:കൊവിഡ് ഭീഷണിയെ തുടർന്ന് ഉണ്ടായേക്കാവുന്ന ഗുരുതരമായ പ്രശ്നങ്ങൾ മുന്നിൽ കണ്ട് സ്വയം അടച്ചിട്ട മെഡിക്കൽ ലാബുകൾ മുഴുനീളം ലോക്ക് ഡൗണിലായി. ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ച കാസർകോട്, കണ്ണൂർ, മലപ്പുറം തുടങ്ങിയ ജില്ലകളിലെ ലാബ് ഉടമകളും ജീവനക്കാരുമാണ് ഏറെ കഷ്ടത്തിലായത്. മാർച്ച് 22 ന് ജനത കർഫ്യൂ പ്രഖ്യാപിച്ചത് മുതൽ അതാത് ജില്ലകളിലെ ഡി.എം.ഒ മാരെ അറിയിച്ച ശേഷം ഉടമകൾ സ്വയം പൂട്ടിയതാണ് മെഡിക്കൽ ലാബുകൾ.
ലാബുകൾ തുറന്നുവെച്ചാൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർ രക്തവും സ്രവവും പരിശോധിക്കാൻ എത്തിയാൽ സാമൂഹ്യവ്യാപനത്തിന് ഇടയാക്കുമെന്ന് തിരിച്ചറിഞ്ഞു മനുഷ്യത്വം വിചാരിച്ചാണ് ഉടമകൾ ലാബുകൾ 'ലോക്ക് ഡൗൺ' ആക്കിയത്. എന്നാൽ കേരളത്തിലെ മറ്റ് തൊഴിൽ മേഖലകൾക്കെല്ലാം ഇളവ് നൽകിയ സർക്കാരും ആരോഗ്യവകുപ്പും ഇതുവരെയായി മെഡിക്കൽ ലാബുകളെ ഗൗനിക്കാൻ തയ്യാറായിട്ടില്ല. വിഷയം എം എൽ എ മാർ മുഖാന്തിരം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പക്ഷെ അനുകൂല തീരുമാനം വന്നില്ല. കാസർകോട് ജില്ലയിൽ മാത്രം 80 ഓളം ലാബുകളും ഉടമകളും മൂന്നുറിൽപരം ജീവനക്കാരും കത്രിക പൂട്ടിലായിട്ടുണ്ട്.
പരിശോധനാ ഉപകരണങ്ങൾ കേടാകുന്നു
സ്വയം തൊഴിൽ മേഖലയാണ് മെഡിക്കൽ ലാബുകൾ. അടച്ചുപൂട്ടൽ കാരണം ജീവിതമാർഗം അടഞ്ഞു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാനോ വാടക നൽകാനോ കഴിയാത്ത ദുരിതത്തിലാണ് ഉടമകൾ. ദിവസങ്ങളായി പൂട്ടിക്കിടന്നത് കാരണം പരിശോധന ഉപകരണങ്ങൾ കേടായി. തൊട്ടടുത്ത് വീടുള്ള ഉടമകൾ ഇടയ്ക്ക് പോയി ലാബ് തുറന്നു ഉപകരണങ്ങൾ സർവീസ് ചെയ്തു വെക്കുന്നുണ്ട്.
നിവേദനം നൽകി
ലാബുകൾ തുറക്കാൻ സഹായം അഭ്യർത്ഥിച്ച് കാസർകോട് ജില്ലാ മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.രാജേന്ദ്രൻ, സെക്രട്ടറി എം ടി പി മുനീർ, കേരള പ്രൈവറ്റ് മെഡിക്കൽ ടെക്‌നീഷ്യൻസ് അസോസിയേഷൻ സെക്രട്ടറി ടി.കെ സുമേഷ് എന്നിവർ ഐ ജി വിജയ് സാഖറെയെ നേരിൽ കണ്ട് നിവേദനം നൽകി.
ബൈറ്റ്
പരിശോധന കാരണമുള്ള സമൂഹ വ്യാപനം തടയുകയെന്ന തികച്ചും പോസിറ്റിവായ ഉദ്ദേശത്തോടെയാണ് സ്വകാര്യ മെഡിക്കൽ ലാബുകൾ പൂർണ്ണമായും അടച്ചിട്ട് സർക്കാരും ആരോഗ്യ വകുപ്പുമായി ഞങ്ങൾ സഹകരിച്ചത്. എന്നാൽ ഇത്രയും ദിവസമായിട്ടും മെഡിക്കൽ ലാബ് ഉടമകളുടെയും ജീവനക്കാരുടെയും ജീവിതമാർഗം ലോക്ക് ആയത് ആരും കാണുന്നില്ലെന്നത് ഖേദകരമാണ്. സർക്കാർ മറ്റു തൊഴിൽ മേഖലകളെ സഹായിക്കാൻ തയ്യാറായപ്പോൾ ഞങ്ങളെ കൈയൊഴിയുകയാണ്.
കെ.രാജേന്ദ്രൻ
( കാസർകോട് ജില്ലാ പ്രസിഡന്റ്, മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ)