കൂത്തുപറമ്പ്:ഹോട്ട് സ്പോട്ട് മേഖലകളിൽ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി കൂത്തുപറമ്പ് ടൗണിലെ മൂന്ന് പ്രധാന റോഡുകൾ പൊലീസ് അടച്ചു. കണ്ണൂർ - കൂത്തുപറമ്പ് റോഡ്, തലശ്ശേരി-കൂത്തുപറമ്പ് റോഡ്, മൂര്യാട് റോഡ് എന്നിവയാണ് പൊലീസ് അടച്ചത്. ബാരിക്കേഡ് സ്ഥാപിച്ച് റോഡുകൾ അടച്ച ശേഷം പൊലീസ് പിക്കറ്റും ഏർപ്പെടുത്തിയിട്ടുണ്ട്.
വിഷു വിനോടനുബന്ധിച്ച് ഇന്നലെ കാലത്ത് മുതൽ കൂത്തുപറമ്പ് ടൗണിലെത്തുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് കടുത്ത നടപടികളുമായി അധികൃതർ രംഗത്ത് എത്തിയിട്ടുള്ളത്. ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ പലതും കൂത്തുപറമ്പ് മേഖലയിലാണ്. വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിന് ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങളാണ് ഈ മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലും ജനങ്ങൾ പുറത്തിറങ്ങുന്ന സാഹചര്യത്തിലാണ് കടുത്ത നടപടികളുമായി അധികൃതർ രംഗത്ത് എത്തിയിട്ടുള്ളത്. നിയമം ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ ശക്തമാക്കാനുള്ള നടപടികളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്.
വിഷുവിനോടനുബന്ധിച്ച് ആഘോഷം സംഘടിപ്പിക്കുന്ന ആരാധനാലയങ്ങൾക്കെതിരെയും, പടക്കം പൊട്ടിച്ച് വിഷു ആഘോഷിക്കുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കാനും കൂത്തുപറമ്പ് പൊലീസ് തീരുമാനിച്ചിട്ടുണ്ട്. തലശ്ശേരി ഡിവൈ.എസ്.പി.കെ.വി.വേണുഗോപാൽ, കൂത്തുപറമ്പ് എസ്.ഐ.പി.ബിജു, അഡീഷണൽ എസ്.ഐ.അനിൽകുമാർ, കെ.എ.സുധി, പി.രാജീവൻ, സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം ടൗണിൽ ക്യാമ്പ് ചെയ്താണ് നടപടികൾ ശക്തമാക്കിയിട്ടുള്ളത്.( photo റോഡിൽ കാവൽ നിൽക്കുന്ന പൊലീസ് സംഘം )