തളിപ്പറമ്പ്: ഭക്ഷ്യ കിറ്റുകളിൽ ഉൾപ്പെടുത്തേണ്ട കടല കൊണ്ടുവന്ന കണ്ടെയിനറിൽ കൂലി സംബന്ധിച്ച് തൊഴിലാളികളുമായി ധാരണയാകാത്തതിനെതുടർന്ന് ഒരുദിവസത്തിലധികം കുടുങ്ങി. പ്രത്യേക ഭക്ഷ്യ വിതരണ പദ്ധതി പ്രകാരം നൽകേണ്ട കിറ്റുകളിലേക്ക് ഉപയോഗിക്കാൻ എത്തിച്ച 25 ടൺ വരുന്ന കടലയാണ് ഇറക്കാനാവാതെ തളിപ്പറമ്പ് സ്റ്റേറ്റ് വേർഹൗസിൽ കെട്ടിക്കിടന്നത്.
ഇറക്കുമതി തൊഴിലാളികൾ ആവശ്യപ്പെട്ട കൂലി നൽകാൻ നിർവാഹമില്ലാത്തതിനാലാണ് ഞായറാഴ്ച രാവിലെ എത്തിയ കണ്ടയിനറിൽ നിന്നും ചരക്ക് ഇറക്കുന്നത് മുടങ്ങിയത്. സർക്കാർ നിശ്ചയിച്ച ഇറക്ക് കൂലിക്ക് പുറമെ തട്ട് കൂലി കൂടി ജീവനക്കാർ ആവശ്യപ്പെട്ടതോടെയാണ് ചരക്ക് ഇറക്കാൻ കഴിയാതെ വന്നതെന്ന് വേർഹൗസ് അധികൃതർ പറഞ്ഞു. നാഫെഡിന്റെ നേതൃത്വത്തിലാണ് കണ്ടെയിനർ കടലയുമായി തളിപ്പറമ്പ് വേർഹൗസിലെത്തിയത്.
വിവരമറിഞ്ഞ് മാദ്ധ്യമ പ്രവർത്തകർ സ്ഥലത്തെത്തിയതോടെ ജില്ലാ ലേബർ ഓഫീസർ തൊഴിലാളി യൂണിയൻ നേതാക്കളെ വിളിച്ച് സംസാരിക്കുകയും ചരക്കിറക്കിയ ശേഷം മറ്റ് കാര്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പു നൽകുകയുമായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ചരക്കുകൾ കണ്ടെയിനറിൽ നിന്ന് ഇറക്കിത്തുടങ്ങിയത്
പടം -തൊഴിലാളികൾ അമിതകൂലി ചോദിച്ചതിനെ തുടർന്ന് തളിപ്പറമ്പ് വേർഹൗസിൽ നിർത്തിയിട്ട കണ്ടയ് നർ ലോറി.