കണ്ണൂർ: കൊവിഡ് -19 തടയാൻ ജില്ലയിലെ പഞ്ചായത്തുകൾ നടത്തിയത് വിശ്രമമില്ലാത്ത പോരാട്ടം. പൊതുജനങ്ങൾക്ക് മരുന്നുകളും ആവശ്യ വസ്തുക്കളും യഥാസമയം ലഭ്യമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തിൽ ഏർപ്പെടുത്തിയ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററുകൾ, കമ്മ്യൂണിറ്റി കിച്ചൺ എന്നിവ ലോകത്തിന് തന്നെ മാതൃകയാണ്. കൊവിഡ് നിരീക്ഷണത്തിലുള്ളവരെ കൗൺസലിംഗ് നടത്തിയ മാനസികമായി പിന്തുണച്ചതിനൊപ്പം ഇവരെ പുറത്ത് ജനങ്ങളുമായി ഇടപഴകുന്നതിൽ നിന്ന് പഞ്ചായത്ത് വാർഡ് തലകമ്മിറ്റികൾ വിലക്കി.
1166 വാർഡുകളിലായി 1235 വാർഡ് കമ്മിറ്റികളാണ് ജില്ലയിൽ ഈ പ്രവർത്തനങ്ങൾ നടത്തിയത്. കമ്മിറ്റികളുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾ സന്ദർശിച്ച് കൊവിഡ് ട്രാക്കർ എന്ന ആപ്പ് വഴി 12,683 പേരുടെ വിവരങ്ങൾ ശേഖരിച്ചതുവഴി കൃത്യമായ ഡാറ്റാബേസ് തയ്യാറാക്കാൻ കഴിഞ്ഞു. ഇതുവഴി പ്രതിരോധ സമാശ്വാസ പ്രവർത്തനങ്ങളുടെ ക്രമം നിശ്ചയിക്കാൻ സാധിച്ചു.
ജില്ലയിലെ 619 കോളനികളും പഞ്ചായത്ത് ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും സന്ദർശിച്ചു .പരിഗണന ആവശ്യമായരുടെ പ്രശ്‌നങ്ങളും മനസിലാക്കി. 18100 കുടുംബങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്താനായി. 74 തീരദേശ വാർഡുകളിലെ 2450 കുടുംബങ്ങളെ സന്ദർശിച്ചു. എല്ലാ പി.എച്ച്.സികളുടെയും ആറുമണിവരെ ഒ.പി സംവിധാനം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ അധികമായി 19 താത്ക്കാലിക ഡോക്ടർമാരെ പഞ്ചായത്തുകൾ നിയമിച്ചു.
ബൈറ്റ്
കണ്ണൂർ ജില്ലയിലെ 71 പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിച്ചു. അതിഥിതൊഴിലാളികളുടെ രജിസ്റ്റർ അതിവേഗം തയ്യാറാക്കി. ഇങ്ങനെ ജില്ലയിൽ ഏത് സാഹചര്യവും നേരിടാൻ ഞങ്ങൾ സജ്ജരാണ്- ഡി.ഡി.പി ടി.കെ അരുൺ