മട്ടന്നൂർ: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ഡൗൺ സാഹചര്യത്തിൽ നാടക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഷാർജ തിയറ്റർ ക്രിയേറ്റീവിന്റെ സഹകരണത്തോടെ എൽ.എൻ.വി വാട്ട്സ് ആപ് കൂട്ടായ്മ സംഘടിപ്പിക്കുന്ന ഏകപാത്രനാടകം ലോക ശ്രദ്ധയിലേക്ക്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി മുന്നൂറിൽപ്പരം നാടകങ്ങളാണ് മത്സരത്തിനു ലഭിച്ചതെന്നു സംഘാടകർ അറിയിച്ചു.
പ്രതിദിനം രണ്ടുഘട്ടങ്ങളിലായി 11 ന് റിലീസ് ആരംഭിച്ച നാടകമത്സരം 16 ന് സമാപിക്കും. ഓരോഘട്ടത്തിലും വിളംബര നാടകവുമുണ്ട്. കൊവിഡ് വിഷയമാക്കി 5 മിനുട്ട് ദൈർഘ്യമുള്ള നാടകങ്ങളാണ് പരിഗണിക്കുന്നത്. നാടകം മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ചതായിരിക്കണം. നാടകം അപ് ലോഡ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ലഭിക്കുന്ന വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ നിശ്ചയിക്കുക. അമ്പതുശതമാനം പബ്ലിക് വോട്ടും അമ്പതുശതമാനം നാടകപ്രവർത്തകരായ എൽ.എൻ.വി വാട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ വോട്ടും ഉൾപ്പെടുത്തിയാണ് അവസാന റൗണ്ടിൽ നാടകങ്ങൾ തെരഞ്ഞെടുക്കുന്നത്. മികച്ച രചന, സംവിധാനം, സാങ്കേതിക മേന്മ വിഭാഗങ്ങളെ മൊത്തം നാടകങ്ങളിൽ നിന്നു തെരഞ്ഞെടുക്കും. 20 വിവിധ അവാർഡുകൾക്കു പുറമേ എല്ലാ നാടകങ്ങൾക്കും സർട്ടിഫിക്കറ്റും നൽകും. അവശ്യഘട്ടങ്ങളിൽ മുതിർന്ന നാടക പ്രവർത്തകർ, ബാലതാരങ്ങൾ, നടികൾ എന്നിവരെ അവസാന റൗണ്ടുവരെ പരിഗണിച്ചേക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.