തൃക്കരിപ്പൂർ : പട്ടിയും പൂച്ചയും കാക്കകളുമടക്കമുള്ളവ പോലും പട്ടിണി കിടക്കരുതെന്ന സന്ദേശം നൽകി സർക്കാർ മെഷിനറികൾ ചലിപ്പിക്കുമ്പോഴും തൃക്കരിപ്പൂർ പഞ്ചായത്തിലെ വൃദ്ധയായ ഒരു വിധവയ്ക്ക് അർഹതപ്പെട്ട ആനൂകൂല്യം പോലും അധികൃതർ നിഷേധിക്കുന്നു. തൃക്കരിപ്പൂർ പതിനൊന്നാം വാർഡായ തലിച്ചാലത്തെ 80 വയസ്സുള്ള എം.വി.പാറുവാണ് പഞ്ചായത്തധികൃതരുടെ തികഞ്ഞ അനാസ്ഥകാരണം ഈ വിഷുക്കാലത്ത് കണ്ണീരുണ്ണുന്നത്.
50 വർഷം മുമ്പ് ഭർത്താവായ ബീരിച്ചേരി രാമൻ മരിച്ചതിന്റെ പേരിൽ അനുവദിക്കപ്പെട്ട വിധവാ പെൻഷനാണ് ഒരു വർഷത്തോളമായി മുടങ്ങിക്കിടക്കുന്നത്. 1100 രൂപയാണ് ഒരു മാസത്തെ പെൻഷൻ തുക. പെൻഷൻ വാങ്ങുന്ന എല്ലാ ഗുണഭോക്താക്കളും മസ്റ്ററിംഗിന് വിധേയമാകണമെന്ന ചട്ടം വന്നതിന് ശേഷമാണ് പാറുവിന്റെ കഷ്ടകാലം തുടങ്ങുന്നത്. മസ്റ്ററിംഗ് നടത്താൻ കഴിയാത്ത മുതിർന്ന പൗരന്മാർക്കും രോഗികളും ലൈഫ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ മതിയെന്ന ഇളവുണ്ടായിരുന്നു. ഇതു പ്രകാരം അനാരോഗ്യസ്ഥിതിയിലുള്ള പാറു പഞ്ചായത്ത് മെമ്പർ മുഖേന ലൈഫ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിരുന്നു.ഇതിന് ശേഷം രണ്ടിൽ കൂടുതൽ തവണ പെൻഷൻ വിതരണം നടന്നിട്ടും ഉദ്യോഗസ്ഥർ പാറുവിനെ പരിഗണിച്ചില്ല.രണ്ടു പെൺമക്കൾ ഭർതൃവീട്ടിലായതിനാൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണിവർ.രക്തസമ്മർദവും പ്രമേഹവും കൊണ്ട് എറെ കഷ്ടപ്പെടുന്ന ഈ വൃദ്ധ തനിക്ക് അർഹതപ്പെട്ട ആനുകൂല്യം അനുവദിച്ചു തരണമെന്ന് ബന്ധപ്പെട്ടവരുടെ മുന്നിൽ കൈകൂപ്പി അപേക്ഷിക്കുകയാണ്.
ബൈറ്റ്
പാറുവിന്റെ മസ്റ്ററിംഗിന് ബദലായുള്ള ലൈഫ് സർട്ടിഫിക്കറ്റ് പഞ്ചായത്തിൽ ഹാജരാക്കിയിരുന്നു. ഒന്നിൽ കൂടുതൽ തവണ അന്വേഷണം നടത്തിയിട്ടും പെൻഷൻ മുടങ്ങിയതിനെക്കുറിച്ച് വ്യക്തമായ കാരണം അധികൃതരിൽ നിന്നും ലഭ്യമല്ല-
എം.പി.വിനോദ്,11-ാം വാർഡ് പഞ്ചായത്ത് മെമ്പർ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്