ഇരിക്കൂർ: നിയോജക മണ്ഡലത്തിലെ ആശുപത്രികളിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിന് എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അടിയന്തരമായി അനുവദിക്കുമെന്ന് കെ.സി ജോസഫ് ജില്ലാ കളക്ടറെ അറിയിച്ചു. ഇതിൽ പത്ത് ലക്ഷം രൂപ പരിയാരം ഗവ. മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു വേണ്ടിയായിരിക്കുമെന്നും എം.എൽ.എ പറഞ്ഞു.
ഇരിക്കൂർ താലൂക്ക് ആശുപത്രി, ഓരോ പഞ്ചായത്തിലേയും ഓരോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കൊവിഡുമായി ബന്ധപ്പെട്ട് പ്രത്യേകമായി ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് പദ്ധതി തയ്യാറാക്കാൻ കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കൽ ഓഫീസർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും ഫണ്ട് അനുവദിക്കുന്നത്. കുടിയാൻമല പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.