കൂത്തുപറമ്പ്: നഗരസഭയിലെ മൂരിയാട് പ്രദേശം സമ്പൂർണമായും പൊലീസ് വലയത്തിനുള്ളിലായി . മൂര്യാട് മേഖലയിലൂടെയുള്ള മുഴുവൻ റോഡുകളും പൊലീസ് അടച്ചു. ആളുകൾക്ക് പുറത്തു പോകുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശം ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കർശന നടപടി.

ഇന്നലെ ഉച്ചയോടെയാണ് മുര്യാട് മേഖലയുമായി ബന്ധമുള്ള മുഴുവൻ റോഡുകളും പൊലീസ് അടച്ചത്. മൂര്യാട് _ വലിയവെളിച്ചം റോഡ്‌, നരവൂർ_ മൂര്യാട് റോഡ്, കൊളത്തുപറമ്പ്-മൂര്യാട് റോഡ്, എന്നിവയെല്ലാം അടച്ചിട്ടവയിൽ ഉൾപ്പെടുന്നു. ഈ റോഡിലൂടെയെല്ലാമുള്ള വാഹന ഗതാഗതത്തിന് പൊലീസ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

അത്യാവശ്യ ഘട്ടത്തിൽ കടന്നു പോകേണ്ട വാഹനങ്ങൾക്ക് പാലത്തുങ്കര - മൂര്യാട് റോഡിലൂടെ അനുമതി നൽകുമെന്ന് കൂത്തുപറമ്പ് എസ്.ഐ. പി.ബിജു പറഞ്ഞു. മൂര്യാട് മേഖലയിലെ രണ്ട് വാർഡുകൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്നെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു. കടുത്ത ജാഗ്രത തുടരുന്നതിനിടയിലും കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ശക്തമായ നടപടി.