തലശ്ശേരി: ഗ്രാമീണ കാഴ്ചകളെ മലയാള കഥാ സാഹിത്യത്തിൽ ചേർത്തു വെച്ച എഴുത്തുകാരിയായിരുന്നു രുഗ്മിണി ടീച്ചർ. അനീതിക്കെതിരെ പ്രതികരിക്കുക എന്നത് ജീവിത അവസാനം വരെ ഒപ്പം കൊണ്ടു നടക്കാൻ ടീച്ചർക്ക് കഴിഞ്ഞു. ജന്മദേശമായ മൊകേരിയിലെ പച്ചയായ മനുഷ്യരെ കഥയ്‌ക്ക് ഇതിവൃത്തമാക്കാൻ ടീച്ചർ താൽപര്യം കാണിച്ചു. ആൻഡ്രു, കുഞ്ഞബ്ദുള്ള. തുടങ്ങിയവർ അങ്ങനെ കഥയോട് ചേർന്നു നിന്നു.മൃഗം എന്ന നോവൽ തന്റെ നാടിന്റെ കഥ പറയുന്ന കൃതിയാണ്. രാജ്യം ഇരുളടഞ്ഞ രാഷ്ട്രീയ കാലാവസ്ഥയിലൂടെ നീങ്ങിയപ്പോൾ ആത്മരോഷം തീർത്തത് രാജ്ഞി എന്ന കഥയിലൂടെയാണ്.
ബംഗാളി കൃതികളെ മലയാളികൾക്ക് പരിചയപ്പെടുത്തിയ എം.പി.കുമാരൻ മാഷിന്റെ പിന്തുണ രുഗ്മിണി ടീച്ചർക്ക് കരുത്തായി. പുതിയ എഴുത്തുകാരെ സാഹിത്യ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവരാൻ ടീച്ചർ കാണിച്ച ഹൃദയവിശാലത ശ്രദ്ധേയമാണ്.