കണ്ണൂർ: കൊവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിന് കണ്ണൂർ ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. വൈറസിന്റെ വ്യാപന സാദ്ധ്യത പരിഗണിച്ച് നാല് തദ്ദേശ സ്ഥാപനങ്ങളെ റെഡ് സോണിലും എട്ട് തദ്ദേശ സ്ഥാപനങ്ങളെ ഓറഞ്ച് സോണിലും ഉൾപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. ജില്ലയുടെ ചില ഭാഗങ്ങളിൽ സമ്പർക്കം മൂലമുള്ള രോഗബാധ കൂടിവരുന്ന സാഹചര്യത്തിലാണ് നടപടികൾ ശക്തമാക്കിയത്.

വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം, വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവരുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് തദ്ദേശസ്ഥാപനങ്ങളെ മൂന്നു സോണുകളായി തരംതിരിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടർ ടി.വി സുഭാഷ് വ്യക്തമാക്കി.

അഞ്ചോ അതിലധികമോ കൊവിഡ് പോസിറ്റീവ് കേസുകളും 2000ൽ കൂടുതൽ ഹോം ക്വാറന്റീൻ കേസുകളുമുള്ള പ്രദേശങ്ങളെയാണ് റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടു മുതൽ അഞ്ചു വരെ പോസിറ്റീവ് കേസുകളും 500 മുതൽ 2000 വരെ ഹോം ക്വാറന്റീൻ കേസുകളും ഉള്ള പ്രദേശങ്ങളാണ് ഓറഞ്ച് സോണിൽ.

റെഡ് സോണിൽ മെഡിക്കൽ ഷോപ്പ് മാത്രം
റെഡ് സോൺ പ്രഖ്യാപിക്കപ്പെട്ട ഇടങ്ങളിൽ മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള ഒരു വ്യാപാര സ്ഥാപനവും തുറന്നു പ്രവർത്തിക്കില്ല. അവശ്യ സാധനങ്ങളെല്ലാം തദ്ദേശ സ്ഥാപനതല കോൾ സെന്റർ വഴി വീടുകളിലെത്തിക്കും. ഇതിന് തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം നൽകും. ഇവിടങ്ങളിൽ റേഷൻ കടകൾ, മറ്റ് സിവിൽ സപ്ലൈസ് ഷോപ്പുകൾ, ബാങ്കുകൾ, മത്സ്യ മാംസ മാർക്കറ്റുകൾ ഉൾപ്പെടെ അടച്ചിടും. റെഡ് സോൺ പ്രദേശങ്ങളിൽ ആളുകളുടെ സഞ്ചാരം കർശനമായി നിയന്ത്രിക്കും. പുറമെ നിന്നുള്ള ആളുകൾ പ്രവേശിക്കുന്നതിനും വിലക്കുണ്ട്.
ഓറഞ്ച് സോണുകളിൽ മെഡിക്കൽ ഷോപ്പുകൾ, റേഷൻ കടകൾ, ബാങ്കുകൾ എന്നിവ തുറന്നു പ്രവർത്തിക്കും. അതേസമയം, അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിന് ഏതൊക്കെ പ്രദേശങ്ങളിൽ, എത്ര കടകൾ, എത്രസമയം തുറന്നു പ്രവർത്തിക്കണമെന്നതിനെ കുറിച്ച് തദ്ദേശ സ്ഥാപനതലത്തിലുള്ള സേഫ്റ്റി കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനിക്കും. കൂടുതൽ പോസിറ്റീവ് കേസുകളുള്ളതും കൂടുതൽ പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതുമായ വാർഡുകളിൽ നിയന്ത്രണം കർക്കശമാക്കുകയും മറ്റിടങ്ങളിൽ നിയന്ത്രണത്തിന് വിധേയമായി കടകൾ തുറക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടങ്ങളിൽ അവലംബിക്കുക.

റെഡ് സോൺ
കൂത്തുപറമ്പ് മുനിസിപ്പാലിറ്റി, പാട്യം, കതിരൂർ, കോട്ടയം മലബാർ പഞ്ചായത്തുകൾ

ഓറഞ്ച് സോൺ

തലശ്ശേരി, പാനൂർ മുനിസിപ്പാലിറ്റികൾ, ന്യൂമാഹി, മൊകേരി, പന്ന്യന്നൂർ, ചിറ്റാരിപ്പറമ്പ്, ചൊക്ലി, നടുവിൽ പഞ്ചായത്തുകൾ

യെല്ലോ സോൺ

ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങൾ


ബൈറ്റ്

ഹോം ഐസൊലേഷനിൽ കഴിയുന്നവർ നിയന്ത്രണങ്ങൾ ലംഘിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ കേസെടുക്കും. ഇവരെ അഞ്ചരക്കണ്ടിയിലെ പ്രത്യേക കൊവിഡ് ആശുപത്രിയിലേക്കോ മറ്റേതെങ്കിലും കെയർ സെന്ററിലേക്കോ മാറ്റും-ജില്ലാകളക്ടർ ടി.വി.സുഭാഷ്