തലശ്ശേരി:ഇന്നലെ രാവിലെ തലശേരിയിലെത്തിയ ആരോഗ്യവകുപ്പ് ജീവനക്കാർ നടത്തിയ പരിശോധനയിൽ അൻപത് കിലോ ഫോർമാലിൻ കലർന്ന ചെമ്മീൻ പിടികൂടി. മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിൽ നടത്തിയ പരിശോധനയിലാണ് ഫോർമാലിൻ കണ്ടെത്തിയത്.
കോഴിക്കോട് നിന്നെത്തിച്ച മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിലായിരുന്നു ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായുള്ള പരിശോധന. തമിഴ്നാട്ടിൽ നിന്നാണ് മത്സ്യം തലശ്ശേരിയിൽ എത്തിച്ചത്. പിടികൂടിയ മത്സ്യത്തിന് 30,000 രൂപ വില വരും.പിടികൂടിയ മത്സ്യം അധികൃതർ നശിപ്പിച്ചു'.മൊബൈൽ ലാബ് റിസർച്ച് ഓഫീസർ ആർ.അനിൽകുമാർ, ടെക്നിക്കൽ അസിസ്റ്റൻഡ്് എസ്. സിയാദ്, ഫുഡ് സേഫ്റ്റി ഓഫീസർ യു.ജിതിൻ, ഫിഷറീസ് ഇൻസ്‌പെക്ടർ എ.അനീഷ്‌കുമാർ തുടങ്ങിയവരും പങ്കെടുത്തു.
സ്വന്തം ആശുപത്രി വിട്ട് നൽകി ഡോക്ടർ മാതൃക കാട്ടി
മാഹി: അഴിയൂർ ഗ്രാമ പഞ്ചായത്തിൽ വിദേശത്തുള്ളവർ നാട്ടിൽ വന്നാൽ നീരീക്ഷണത്തിൽ കഴിയുവാൻ സ്വന്തം ആശുപത്രി വിട്ട് നൽകി അഴിയൂർ ഗ്രീൻസ് ആയുർവ്വേദ ആശുപത്രി ഉടമ ഡോ സി.പി.അസ്ഗർ മാതൃക കാട്ടി. 50 മുറികളാണ് പഞ്ചായത്തിന്റെ അഭ്യർത്ഥന മാനിച്ച് സൗജന്യമായി വിട്ട് നൽകിയത്.
ബാത്ത് റൂം സൗകര്യം എല്ലാ മുറികൾക്കും ഉള്ളത് വിദേശത്ത് നിന്ന് വന്നവർക്ക് നീരീക്ഷണ കാലയളവിൽ താമസിക്കുവാൻ അനുയോജ്യ പ്രദമാണ്. പഞ്ചായത്ത് വിദേശത്ത് നിന്ന് വരുന്നവരെ നീരീക്ഷണ കാലായളവിൽ: താമസിപ്പിക്കുന്നതിന് കെട്ടിട സൗകര്യം ഏർപ്പെടുത്തുവാൻ വിവര ശേഖരണം നടത്തി വരുന്നുണ്ട്.പഞ്ചായത്തിൽ നേരിട്ട് വന്ന് സമ്മതപത്രം ഡോ :അസ്ഗർ പഞ്ചായത്ത് പ്രസിഡന്റ്് വി.പി. ജയന് നൽകി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, പാലക്കൂൽ സുബൈർ എന്നിവർ സന്നിഹിതരായിരുന്നു.
എസ്.എൻ.ഡി.പി മാഹിയിൽ ഇന്ന് പ്രാർത്ഥനാ ദിനം ആചരിക്കും
മാഹി:വിഷു ദിനമായ ഇന്ന് കാലത്ത് വീടുകളിൽ എട്ടിനും ഒൻപതിനും ഇടയിൽ ഗുരുദേവന്റെ ഛായാപടത്തിന് മുമ്പിൽ അഞ്ച് തിരിയിട്ട നിലവിളക്ക് വച്ച് മുഴുവൻ കുടുംബാംഗങ്ങളും ഒത്തുചേർന്ന് പ്രാർത്ഥിക്കുകയും സുഗന്ധ ദ്രവ്യങ്ങൾ പുകയ്ക്കുകയും ചെയ്യണമെന്ന് എസ്.എൻ.ഡി.പി മാഹി ഘടകം സെക്രട്ടറി സജിത്ത് നാരായണൻ അറിയിച്ചു.