കാസർകോട്: മൂന്ന് ദിവസത്തിനിടയിൽ കാസർകോട് ജില്ലയിൽ ഒരാൾക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെങ്കിലും പുതിയ ആശങ്കയാണ് ഇതിലൂടെ ആരോഗ്യ പ്രവർത്തകർക്ക് ഉണ്ടായിരിക്കുന്നത്. മാർച്ച് 21 ന് നാട്ടിൽ എത്തിയ ചെങ്കള സ്വദേശിയായ 47 കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച വ്യക്തി. 22 ദിവസത്തിന് ശേഷം എടുത്ത ഇദ്ദേഹത്തിന്റെ സ്രവം പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ക്വാറന്റൈൻ കാലയളവ് 14 ദിവസമാണ്. നിശ്ചിത കാലയളവ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടതിനുശേഷം എടുത്ത സാമ്പിൾ ആണ് പോസിറ്റീവായി കണ്ടെത്തിയത്. നിലവിലുള്ള സാഹചര്യത്തിൽ ഇത് ഗുരുതരമായ സ്ഥിതിവിശേഷം ആണെന്ന് ആരോഗ്യ പ്രവർത്തകർ വിലയിരുത്തുന്നു. ഇത്തരത്തിലുള്ള കൂടുതൽ പോസിറ്റീവ് കേസുകൾ വരാൻ സാധ്യതയുണ്ട് എന്ന വിലയിരുത്തലാണ് ആരോഗ്യപ്രവർത്തകർ നടത്തുന്നത്. രോഗം കുറയുന്നു എന്ന ആശ്വാസത്തിനിടയിലും കൂടുതൽ ജാഗ്രത പാലിക്കേണ്ട സംഗതിയാണിത്.
നിരീക്ഷണ കാലാവധിക്കു ശേഷവും ഇത്തരത്തിലുള്ള സാമ്പിൾ ടെസ്റ്റുകളിൽ രോഗം സ്ഥിരീകരിക്കുന്ന കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ ഇതിനകം നെഗറ്റീവ് ആയ മുഴുവൻ പേരുടെയും സാമ്പിൾ പരിശോധന വീണ്ടും നടത്തേണ്ടി വരുമെന്ന് സൂചനയും ആരോഗ്യപ്രവർത്തകർ നൽകുന്നുണ്ട്. കാസർകോട് ജില്ലയിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതിൽ വലിയ പ്രതീക്ഷയാണ് ആരോഗ്യവകുപ്പിനുള്ളത്. ഇന്നലെയും ആറു പേർ രോഗവിമുക്തി നേടി ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങി. രണ്ട് പേർ കാസർകോട് ജനറൽ ആശുപത്രിയിൽ നിന്നും നാല് പേർ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ നിന്നുമാണ് ഡിസ്ചാർജ് ചെയ്തത്.
നിലവിൽ ജില്ലയിൽ 9,593 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 9,457 പേരും ആശുപത്രികളിൽ 136 പേരും. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിൽ ആയിരത്തോളം പേരുടെ കുറവാണുണ്ടായത്. 1,829 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ് . ഇതിൽ 608 സാമ്പിളുകളുടെ ഫലം ലഭ്യമാകേണ്ടതുണ്ട്. പുതിയതായി അഞ്ച് ആളുകളെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 79 പേരാണ് രോഗവിമുക്തരായിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 88 ആയി ചുരുങ്ങിയിട്ടുണ്ട്. വീടുകളിൽ നീരിക്ഷണത്തിലുള്ള 415 പേർ നീരിക്ഷണ കാലയളവ് പൂർത്തീകരിച്ചു.
പൊലീസും ആരോഗ്യവകുപ്പ് അധികൃതരും നടത്തിയ കർശനമായ നിരീക്ഷണത്തിന്റെയും നിലപാടിന്റെയും ഭാഗമാണ് കാസർകോട് കൈവരിക്കുന്ന ഈ അതിജീവനം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ള പ്രദേശം ട്രിപ്പിൾ ലോക്ക് ഇട്ട് പൊലീസ് പൂട്ടിയത് കാരണം സമ്പർക്കത്തിന്റെ തോത് ഗണ്യമായി കുറഞ്ഞു. നിയമം ലംഘിക്കുന്നവരെ കർശനമായി തന്നെ പൊലീസ് നേരിട്ടു. കൃത്യമായ ഏകോപനത്തിലൂടെ ആരോഗ്യവകുപ്പ് അധികൃതരുടെ നിരീക്ഷണവും ചികിത്സയും അതിജീവനത്തിന് കരുത്തായി.