കാസർകോട്: യുവതിയുടെ മരണം നാടിനെയും, കുടുംബത്തെയും കണ്ണീരിലാഴ്ത്തി. ചെർക്കള വി.കെ.പാറയിലെ നാസർ, മറിയംബി ആലൂർ എന്നിവരുടെ മകൾ ഫാത്തിമത്ത് ഫായിസയാണ് (18)അസുഖത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെ ചെങ്കള സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞത്. പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടർന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് ഫായിസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ അസുഖത്തിന് ചികിത്സയിലായിരുന്നു. കൊവിഡ് ഭീതിക്കിടയിൽ മരണം സംഭവിച്ചതിനെ തുടർന്ന് യുവതിയുടെ സ്രവം, രക്തം എന്നിവ പരിശോധനക്കായി എടുത്തിരുന്നു. പെരിയ കേന്ദ്ര സർവ്വകലാശാല വൈറോളജി ലാബിലേക്കാണ് പരിശോധനയ്ക്ക് അയച്ചത്. ആരോഗ്യ വകുപ്പ് അധികൃതർ ആശുപത്രിയിൽ എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. ഫിറോസ് ഏക സഹോദരനാണ്. ആരോഗ്യവകുപ്പ് പ്രോട്ടോക്കോൾ അനുസരിച്ചു മയ്യത്ത് ബേവിഞ്ച പള്ളിയിൽ സംസ്കരിച്ചു.