കണ്ണൂർ: കൊവിഡ് 19 വൈറസ് വ്യാപനത്തിൽ കാസർകോട് കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് കണ്ണൂർ. ജില്ലക്കാരായ 2 പേർ വിദേശത്ത് നിന്ന് രോഗം ബാധിച്ച് മരിച്ചെങ്കിലും ജില്ലയിലുള്ള രോഗബാധിതരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ സാധിച്ചു എന്നതാണ് ആരോഗ്യ പ്രവർത്തകരെ സംബന്ധിച്ചേടത്തോളം വലിയൊരു ആശ്വാസം പകരുന്നത്. ജില്ലയിൽ സ്വകാര്യ മെഡിക്കൽ കോളേജായ അഞ്ചരക്കണ്ടിയെ സമ്പൂർണ കൊവിഡ് ആശുപത്രിയാക്കി മാറ്റിയപ്പോൾ, കണ്ണൂർ മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ വിപുലമായ കൊവിഡ് ചികിത്സാ സൗകര്യം ഒരുക്കുകയും ചെയ്തു. വിദേശത്തുനിന്ന് എത്തിയവരും അവരുമായി സമ്പർക്കം പുലർത്തിയവർക്കുമാണ് രോഗം പിടിപെട്ടത്.

സമൂഹ വ്യാപനം എന്ന വിപത്തിനെ തടയിടാൻ പൊലീസ്,​ ആരോഗ്യ വകുപ്പ് എന്നിവരുടെ കഠിനമായ ശ്രമംകൊണ്ട് കഴിയുകയും ചെയ്തു. കാസർകോടിനെ പോലെതന്നെ കഴിഞ്ഞ 2 ദിവസം ജില്ലയെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന്റെതാണ്. ജില്ലയിലെ ചേലേരി സ്വദേശിഅബ്ദുൾ ഖാദർ (65) രോഗം ബാധിച്ച് മാർച്ച് 28ന് മരിച്ചിരുന്നു. വിദേശത്തുനിന്നും എത്തിയ ഇയാൾ വിമാനത്താവളത്തിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു.

ഷാർജയിൽ നിന്ന് മാർച്ച് 21ന് നാട്ടിലെത്തിയ സമയം മുതൽ ഖാദർ വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. ഭക്ഷണം കൊടുക്കാൻ ബന്ധുക്കൾ എത്തിയപ്പോൾ വീണു കിടക്കുന്ന നിലയിൽ കാണുകയായിരുന്നു. ഉടൻ ആരോഗ്യ പ്രവർത്തകർക്ക് വിവരം നൽകുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിച്ചിരുന്നു. നിലവിൽ 43 പേരാണ് വൈറസ് ബാധിതരായി വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 7758 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 7644 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.