കോഴിക്കോട്: കൊവിഡ് 19 സ്ഥിരീകരിക്കുന്ന കാര്യത്തിൽ കേരളത്തിന്റെ നിലപാട് ശരിയാണെന്ന് തെളിയുന്നു. 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന് ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചപ്പോൾ , കേരളം ഇത് 28 ദിവസം വേണമെന്ന നിലപാടിലായിരുന്നു. നിരീക്ഷണത്തിൽ കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശിക്ക് ഇരുപത്തി ഏഴാം ദിവസം രോഗം സ്ഥിരീകരിച്ചപ്പോൾ കേരളത്തിന്റെ നിലപാടാണ് ശരി എന്ന് വ്യക്തമായി. കോഴിക്കോട് എടച്ചേരി സ്വദേശിയായ 35കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിത പ്രദേശങ്ങളിൽ നിന്നെത്തിയവരും കൊവിഡ് ബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവരും 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശം. മറ്റ് സംസ്ഥാനങ്ങൾ ഈ നിർദ്ദേശം പിന്തുടരുമ്പോൾ കേരളം 28 ദിവസത്തെ നിരീക്ഷണം വേണമെന്ന് നിലപാടെടുത്തു.
സഹോദരനൊപ്പം മാർച്ച് 18ന് ദുബായിൽ നിന്നെത്തിയ ഇയാൾ നാട്ടിലെത്തിയതു മുതൽ നിരീക്ഷണത്തിലായിരുന്നു. പിതാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്കും കൊവിഡ് ബാധയെന്ന് വ്യക്തമായത്. അതായത് വൈറസ് സ്ഥിരീകരിച്ചത് വിദേശത്തു നിന്ന് മടങ്ങിയെത്തി 27 ദിവസത്തിനു ശേഷം. ഇയാളുടെ സഹോദരിയുടെ മകൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവർക്കും കൊവിഡ് ബാധിച്ചത് ഇയാളിൽ നിന്നെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. നേരത്തെ കണ്ണൂർ സ്വദേശിയായ 40 കാരന് 26 ദിവസത്തിനു ശേഷവും പാലക്കാട് സ്വദേശിക്ക് 23 ദിവസത്തിനു ശേഷവും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.