കണ്ണൂർ: ലോക്ക്ഡൗൺ കാലത്ത് ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ ഇടപെടലിലൂടെ തെരുവോരത്ത് കഴിയുന്ന 45 സ്ത്രീകളടക്കം 270 പേരെയാണ് പുനരധിവസിപ്പിച്ചു. ടൗൺ ഹയർ സെക്കൻഡറി സ്‌കൂൾ, ജൂബിലി ഹാൾ, ചൊവ്വ ബഡ്സ് സ്‌കൂൾ, അമല ഭവൻ, പ്രത്യാശ ഭവൻ എന്നിവിടങ്ങളിൽ എത്തിച്ചതോടെ സോപ്പും വെള്ളവും നൽകി കുളിച്ച് വൃത്തിയാകാനായിരുന്നു നിർദ്ദേശം. മനസില്ലാ മനസോടെ മടിച്ച് നിന്നവരെ കണ്ണുരുട്ടിയതോടെ ഇവരെല്ലാം കാലങ്ങൾക്ക് ശേഷം കുളിച്ചു. ഇവർക്കെല്ലാം പുത്തൻ വസ്ത്രങ്ങൾ നൽകി. വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഇടപെടലെന്ന് ചുമതലയിലുള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർ സതീഷ് പറയുന്നു. ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, ഐ.ആർ.പി.സി, ബ്ലഡ് ഡോണേഴ്സ് കേരള, തണൽ, എൻ.എഫ്.പി.ആർ തുടങ്ങിയ സംഘടനകളാണ് മൂന്ന് നേരം ഭക്ഷണം, രണ്ട് നേരം ചായ, മറ്റ് സൗകര്യങ്ങൾ എല്ലാം എത്തിക്കുന്നത്. നിസാര കാരണത്തിന് വീട്ടിൽ നിന്ന് ഇറങ്ങിയ ഇവരെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.
15പേരെയാണ് ഇന്ന് വീടുകളിലെത്തിക്കുക. ഉയർന്ന വിദ്യാഭ്യാസമുള്ളവരും ഇക്കൂട്ടത്തിലുണ്ടെന്ന് സതീഷ് പറയുന്നു. ചെറിയ കുറ്റകൃത്യങ്ങളിൽ പങ്കെടുത്ത് ജയിലിലായി പുറത്തിറങ്ങിയവരുണ്ട്. വീട്ടിൽ പോകാനുള്ള മാനസിക പ്രയാസമാണ് ഇവരെ അലട്ടുന്നത്. ജോലിക്കിടെ അപകടം സംഭവിച്ചതോടെ വീട്ടുകാർ ഉപേക്ഷിച്ചവരും ഇതിൽ ഉൾപ്പെടും. ഇവിടെ എത്തിയതോടെ ഒരു ലഹരിയും ഇവർ ആവശ്യപ്പെട്ടിട്ടില്ല. ഇവർ തന്നെ സ്‌കൂൾ പരിസരം വൃത്തിയാക്കാനും തയ്യാറായിരുന്നു. മറ്റുള്ളവരെക്കാൾ അനുസരണ ഇവർക്കാണെന്ന് പൊലീസ് പറയുന്നു. നേരത്തെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ തെരുവ് നായകൾക്കും പശുക്കൾക്കും ഒപ്പമായിരുന്നു ഇവരുടെ ഉറക്കം.