covid-19

പാറ്റ്ന: പരിമിതികൾ ഒരുപാടുണ്ടെങ്കിലും കൊവിഡ് 19 നോട് പടവെട്ടുകയാണ് ബീഹാർ ഭരണകൂടം. രോഗത്തിന്റെ തീവ്രതയെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള കഠിന പരിശ്രമത്തിലാണ് മുഖ്യമന്ത്രി നിതീഷ് കുമാർ. സാമൂഹിക ജീവിത നിലവാരം പോലും അപരിഷ്കൃതമായതാണ് വെല്ലുവിളിയാകുന്നത്. ജനങ്ങളിൽ 11.4% മാത്രമാണ് നഗരങ്ങളിൽ വസിക്കുന്നത്.

ഹിന്ദിയും ഉർദുവും ബീഹാറിന്റെ ഔദ്യോഗിക ഭാഷകളായിരിക്കെ ഭോജ്പുരി, മൈഥിലി, മഗാഹി, ബജ്ജിക, അംഗിക എന്നീ ഭാഷകളും സംസാരിക്കപ്പെടുന്നു. അതിനാൽത്തന്നെ രോഗത്തെ കുറിച്ച് കൃത്യമായി വിശദീകരിക്കുന്നതിൽ അധികൃതർക്ക് പരിമിതികളുണ്ട്. കൊവിഡ് വ്യാപനം തടയാൻ പൊതുയിടങ്ങളിൽ പുകയില ഉത്പന്നങ്ങൾ തുപ്പിയാൽ ആറ് മാസം തടവ് ശിക്ഷ ലഭിക്കുന്ന രീതിയിൽ നിയന്ത്രണമുണ്ട്. ഇത് കർശനമാക്കാനാണ് നീക്കം.

കൊവിഡ് രോഗികളെ കണ്ടെത്താൻ വീടുകൾ കയറിയുള്ള പരിശോധനയാണ് ബീഹാറിൽ ഇപ്പോൾ നടപ്പാക്കുന്നത്. നാലു ജില്ലകളിൽ നാളെ മുതൽ ഇത് ആരംഭിക്കും.രോഗികളുടെ എണ്ണം കൂടുതലുള്ള നവാഡ, ബേഗുസരായി, സിവാൻ, നളന്ദ, എന്നീ ജില്ലകളിലാണ് പ്രത്യേക പരിശോധന നടത്തുക.മുതിർന്ന പൗരൻമാരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ഉണ്ടാകും.

ബീഹാറിൽ ഇതുവരെ 66 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 26 ആളുകൾക്ക് രോഗം ഭേദമായി. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ് എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. ഇവയിൽ രണ്ട് സംസ്ഥാനവും കൊവിഡ് ഭീതിയിലാണ്. രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നാൽ മരുന്നിനും ക്ഷാമമുണ്ടായേക്കും.

രോഗപ്രതിരോധം തടസപ്പെടുത്തുന്നതിൽ അന്ധവിശ്വാസത്തിനും പങ്കുണ്ട്. 94,163 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ബിഹാറിൽ 10,38,04,637 ജനങ്ങളാണ് താമസിക്കുന്നത്. 2000 നവംബർ 15ന് ജാർഖണ്ഡ് രൂപീകരിച്ചത് ബിഹാറിനെ വിഭജിച്ചായിരുന്നു. ഗ്രാമീണ മേഖലയിൽ അടുത്തടുത്തുള്ള കൂരകളിലെ താമസക്കാർക്കിടയിലാണ് രോഗ വ്യാപന സാദ്ധ്യത ഏറുന്നത്. ഇവർക്കിടയിൽ അവശ്യ സാധനങ്ങൾ നേരിട്ട് എത്തിച്ച് ഇടപെട്ടാലേ പ്രശ്ന പരിഹാരമാകൂ എന്നാണ് സാമൂഹ്യപ്രവർത്തകരുടെ അഭിപ്രായം.