കണ്ണൂർ: വിളവെടുത്ത പയറുവർഗങ്ങൾ വില്പന നടത്താനാവാതെ കർഷകർക്ക് കടുത്ത പ്രതിസന്ധിയിൽ. വയലുകളിൽ ഇടവിളയായി ഉത്പാദിപ്പിച്ച പയറുവർഗങ്ങൾ സാധാരണ വിഷുക്കാലത്ത് നെൽകർഷകരുടെ പ്രധാന വരുമാനമാർഗമായിരുന്നു. ലോക്ക് ഡൗണിൽ ഇവയുടെ വില്പന തടസപ്പെട്ടതോടെ വിളവുകൾ വീടുകളിൽ കെട്ടിവച്ച് നടുവീർപ്പിടുകയാണ് കർഷകർ.
കഴിഞ്ഞവർഷം മഴ ശക്തമായി ലഭിച്ചത് കൊണ്ടുതന്നെ മുൻവർഷങ്ങളെ അപേക്ഷിച്ച് പയറുവർഗങ്ങൾക്ക് മികച്ച വിളവാണ് ലഭിച്ചത്. എന്നാൽ ലോക്ക് ഡൗൺ കാലത്ത് വിപണി ലഭിക്കാത്തതിനാൽ ഇതിന് ഫലമില്ലാതെ പോകുകയാണ്. ജനുവരി മാസം പാടങ്ങളിലെ രണ്ടാം കൊയ്‌ത്തിന് ശേഷമാണ് പയറുവർഗങ്ങളായ ഉഴുന്ന്, ചെറുപയർ, വൻപയർ, മുതിര തുടങ്ങിയവയുടെ കൃഷിയിലേക്ക് കർഷകർ തിരിയുന്നത്. പ്രത്യേകിച്ച് ചെലവൊന്നുമില്ലാതെ മികച്ച വരുമാനം ലഭിക്കുമെന്നതിനാൽ നെൽകർഷകരെല്ലാം ഇത് ചെയ്യാറുണ്ട്. ജില്ലയിൽ മയ്യിൽ, കുറ്റ്യാട്ടൂർ, കൊളച്ചേരി, പട്ടുവം, ഏഴോം പ്രദേശങ്ങളിലെല്ലാം പയറുവർഗങ്ങളുടെ കൃഷിയുണ്ട്. മാർച്ച് അവസാനത്തോടെ ഇതിന്റെ വിളവെടുപ്പ് തുടങ്ങിയാൽ പ്രധാനമായും ഗ്രാമീണ മാർക്കറ്റുകളിൽ തന്നെ ഇവ വിറ്റഴിക്കാനുമാകും. ഇങ്ങനെ വേഗത്തിൽ വിഷുക്കാലത്ത് ഒരു തുക കർഷകരുടെ കൈയിലെത്തുന്നത് അടുത്ത നെൽക്കൃഷിക്കും ഗുണകരമായിരുന്നു. ഇതിലാണ് അപ്രതീക്ഷിതമായി എത്തിയ കൊവിഡ് 19 വ്യാപനവും ഇത് പ്രതിരോധിക്കാൻ നടപ്പാക്കിയ ലോക്ക് ഡൗണും വില്ലനായിരിക്കുന്നത്.
വിഷുച്ചന്ത, ഇക്കോഷോപ്പ് എന്നിവിടങ്ങളിലും കൃഷിവകുപ്പിന്റെ മേളകളുമായിരുന്നു ഇത്തരം ഉത്പന്നങ്ങളുടെ പ്രധാന വിപണി. ഇങ്ങനെയാകുമ്പോൾ കർഷകർക്ക് മികച്ച പ്രതിഫലവും ലഭിക്കും. ഇപ്പോൾ ഗ്രാമീണ മേഖലയിലെ കടകളിൽ പയറുവർഗങ്ങളുമായി പോകുമ്പോൾ ഇപ്പോൾ എടുക്കില്ലെന്നോ വിലകുറച്ച് എടുക്കാമെന്നോ ഉള്ള മറുപടിയാണ് ലഭിക്കുന്നത്. കൂടാതെ ഇവ സൂക്ഷിച്ചുവയ്ക്കാൻ കീടങ്ങളുടെ ആക്രമണങ്ങളെയും ഭയക്കണം. ഇതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു.
വെള്ളരിക്കൃഷിക്കും തിരിച്ചടി
ഇക്കുറി വയലുകളിൽ വെള്ളരിക്കൃഷി നടത്തിയവർക്കും വലിയ തിരിച്ചടിയാണുണ്ടായത്. ചൂട് കനത്തത് കാരണം വെള്ളരി വിളവ് കുറഞ്ഞതിനൊപ്പം ലോക്ക് ഡൗണിൽ വിപണിയും നഷ്ടമായി. കർഷകർക്ക് വിളവുമായി യാത്ര ചെയ്യുന്നതിന് തടസമില്ലെങ്കിലും ബസുകൾ ഓടാത്തതിനാൽ പ്രത്യേകം വാഹനം വലിയ വാടക നൽകി ഒരുക്കേണ്ടതിനാൽ കൃഷി വൻ നഷ്ടമാകുമെന്നാണ് കർഷകർ പറയുന്നത്.
ബൈറ്റ്
കഴിഞ്ഞവർഷം കനത്ത മഴതന്നെ പെയ്‌തതിനാൽ പാടങ്ങളിൽ ജലാംശം കൂടിയതാണ് പയറുവർഗങ്ങളുടെ കൃഷിയിൽ ഇക്കുറി മികച്ച വിളവ് ലഭിക്കാൻ കാരണമായത്. എന്നാൽ ഇത് വിൽക്കാൻ കഴിയാതെ കെട്ടിക്കിടക്കുന്നത് കർഷകരെ പ്രതിസന്ധിയിലാക്കി.-
ടി.കെ.ബാലകൃഷ്ണൻ,മാനേജിംഗ് ഡയറക്ടർ,നെല്ല് ഉത്പാദക കമ്പനി,മയ്യിൽ