കാഞ്ഞങ്ങാട്: പഴമൊഴിയിൽ പതിരില്ലെന്ന് തെളിയിച്ച് പൈരടുക്കത്തെ പി.വി. കുഞ്ഞിരാമന്റെ വീട്ടുവളപ്പിലെ പ്ലാവിന്റെ വേരിൽ ചക്കകൾ കായ്ച്ചു.കോട്ടച്ചേരി പാൽ വിതരണ സഹകരണ സംഘത്തിൽ നിന്നും വിരമിച്ച കുഞ്ഞിരാമന്റെ ഈ പ്ലാവിൽ 25 വർഷത്തിലധികമായി ചക്കയുണ്ടാകാറുണ്ടെങ്കിലും ഇത്തവണ വേരിൽ കായ്ച്ചത് അത്ഭുതം പരത്തി.
നിരവധി പേരാണ് ഈ അപൂർവ്വകാഴ്ച്ച കാണുവാനെത്തിയത്. ആദ്യമായി വേരിൽ കായ്ഫലം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കുഞ്ഞിരാമൻ. ഈ ലോക് ഡൗൺ കാലത്ത് എറ്റവും കൂടുതൽ ഡിമാന്റുള്ള ഫലമാണ് ചക്ക. നാട്ടിൻ പ്രദേശങ്ങളിലടക്കം വീട്ടമ്മമാർ, ലോക് ഡൗൺ കാലത്ത് ചക്കകൊണ്ടുള്ള വ്യത്യസ്തമായ വിഭവങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരീക്ഷണത്തിലാണ.്
ചക്ക കറി, ചക്ക ഉപ്പേരി, ചക്കയപ്പം എന്നിവയെല്ലാം ഇപ്പോൾ പഴങ്കഥയാണ്. ജാക്ഫ്രൂട്ട് സാൻഡ്വിച്ച്, ചക്കക്കുരു ജ്യൂസ്, അടക്കമുള്ള ന്യു ജെൻ വിഭവങ്ങളാണ് ഇപ്പോൾ പുതിയതാരങ്ങൾ. ചക്ക ചിപ്സ്, ഇടിച്ചക്കത്തോരൻ,കൊത്തുചക്കത്തോരൻ,ചക്ക മുളോഷ്യം തുടങ്ങി നിരവധി വിഭവങ്ങളും ഇന്ന് സാധാരണമാണ്. ഏറ്റവും വലിയ പഴമായ ചക്ക ഏറെ പോഷകസമൃദ്ധമാണ്. പ്രോട്ടീൻ സംപുഷ്ടമായ ചക്കയിൽ ജീവകങ്ങളും കാൽസ്യം, അയൺ, പൊട്ടാസ്യം തുടങ്ങിയവയുമുണ്ട്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയുക്തമാണ്. കുടലിലെ കാൻസറിനു വരെയുള്ള ഔഷധമാണിതെന്ന് ആയുർവേദം ഉറപ്പു നൽകുന്ന ഫലം കൂടിയാണ് ചക്ക.