കണ്ണൂർ: കണ്ണൂർ സർവകലാശാല പരീക്ഷ വിഭാഗത്തിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജ് രാഷ്ട്രീയ ലാഭത്തിനു വേണ്ടി ദുരുപയോഗം ചെയ്തതിൽ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) മേഖല കമ്മിറ്റി പ്രതിഷേധിച്ചു. സർക്കാരിന്റെ സ്പ്രിങ്കളർ ഇടപാടിനെ കുറിച്ച് പ്രതികരണം നടത്തിയ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തിനു പരിഹാസരൂപേണ ഉള്ള മറുപടി കണ്ണൂർ സർവകലാശാല പരീക്ഷാ വിഭാഗത്തിന്റെ അഭിപ്രായമായാണ് സർവകലാശാല ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതെന്നാണ് ആരോപണം.
പോസ്റ്റ് അരമണിക്കൂർ കഴിയുമ്പോൾ തന്നെ മാറ്റി.
സർവകലാശാലയുടെ ഔദ്യോഗിക വിഭാഗം ഇടതു രാഷ്ട്രീയത്തിന്റെ ചട്ടുകമായി മാറിയിരിക്കുകയാണെന്നും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ. ആർ.കെ. ബിജു, ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, പ്രൊഫ. പ്രജു കെ. പോൾ, ഡോ. ഷനോ. പി. ജോസ്, ഡോ. പ്രേംകുമാർ എന്നിവർ സംസാരിച്ചു.
സർവകലാശാല പരീക്ഷാ കൺട്രോളർക്കെതിരെ നടപടി എടുക്കണമെന്ന് സർവകലാശാല വലതുപക്ഷ സെനറ്റ് അംഗങ്ങൾ ആവശ്യപെട്ടു. ഗവർണർക്ക് പരാതി നല്കുവാൻ തീരുമാനിച്ചതായി ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. ആർ.കെ. ബിജു, പി.കെ സതീശൻ, എസ്.എം ഷാനവാസ്, ഫർഹാൻ, സുഹൈൽ, വി. വിജയകുമാർ, ഇ.എസ് ലത, ഡോ. ആർ. സ്വരൂപ എന്നിവർ അറിയിച്ചു.