കൂത്തുപറമ്പ്: കണ്ണവം വനമേഖലയിലെ നരിക്കോട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രണ്ട് നാടൻ തോക്കുകളും വെടിയുണ്ടകളും പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഹരിലാലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നാടൻ തോക്കുകളും ഏതാനും തിരകളും കണ്ടെടുത്തത്.
കണ്ണവം ഫോറസ്റ്റിൽ ഉൾപ്പെടുന്ന നരിക്കോട് കോളനിയിലെ ആൾതാമസമില്ലാത്ത വീട്ടിലായിരുന്നു തോക്കുകളും തിരകളും സൂക്ഷിച്ചിരുന്നത്. ഫോറസ്റ്റ് സംഘത്തെ ക്കണ്ട് ഒരാൾ വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ടതായും സൂചനകളുണ്ട്. വന്യമൃഗങ്ങൾ യഥേഷ്ടം വിഹരിക്കുന്ന വനമേഖലയാണ് നരിക്കോട് പ്രദേശം. നേരത്തെയും ഈ ഭാഗത്ത് നിന്നും ഫോറസ്റ്റ് അധികൃതർ നാടൻ തോക്കുകളും ആയുധങ്ങളും കണ്ടെത്തിയിരുന്നു. മൃഗങ്ങളെ വേട്ടയാടുന്നതിന് വേണ്ടി സൂക്ഷിച്ചതാവാം തോക്കുകളെന്നാണ് കരുതുന്നത്. റേഞ്ച് ഓഫീസർ ഹരിലാലിന്റെ നേതൃത്വത്തിൽ കേപ്പെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തോക്കുകൾ ഉൾപ്പെടെ കണ്ടെത്തിയ സാഹചര്യത്തിൽ കണ്ണവം പോലീസും അന്വേഷണം നടത്തും.
ഉണക്കി സൂക്ഷിച്ച നിലയിൽ വന്യമൃഗങ്ങളുടേതെന്ന് കരുതുന്ന ഇറച്ചിയും വീട്ടിൽ നിന്നും വനപാലകർ കണ്ടെത്തിയിട്ടുണ്ട്. കണ്ണവം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.പ്രകാശൻ, നിടുംപൊയിൽ സെക് ഷൻ ഓഫീസർ സി.സുനിൽകുമാർ, ടി.പ്രമോദ്, പി.പി.സുബിൻ, കെ.വി.ശ്വേത എന്നിവരും ഫോറസ്റ്റ് സംഘത്തിലുണ്ടായിരുന്നു.
(Photo കണ്ണവത്ത് വനപാലകർ പിടികൂടിയ നാടൻ തോക്കുകൾ)