കാഞ്ഞങ്ങാട്: ജില്ലയിൽ കോവിഡ് 19 കോവിഡ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ വാർഡുകളിൽ സമൂഹ വ്യാപനസാദ്ധ്യത വിലയിരുത്തൽ സർവ്വേ ആരംഭിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എം വി രാമദാസ്, സിഎസ്ഒ ഡോ.എ ടി മനോജ് എന്നിവരുടെ മേൽനോട്ടത്തിൽ പരിയാരം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെ ഉദ്യോഗസ്ഥർ, ആശ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ എന്നിവരാണ് സർവേ നടത്തുന്നത്.
കൊറോണ ലക്ഷണമുള്ളവർ, ലക്ഷണങ്ങൾ ഇല്ലാത്ത പോസിറ്റീവ് കോണ്ടാക്ട്് കേസുകൾ തുടങ്ങിയവരെ പരിശോധയ്ക്കായി മേഖല തിരിച്ച് കാസർകോട് ജനറൽ ആശുപത്രി, പെരിയ സാമൂഹികാരോഗ്യ കേന്ദ്രം, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നീ സ്ഥാപനങ്ങളിലേക്ക് അയക്കും. 65 വയസ്സിനു മുകളിൽ പ്രായമുളളവർ, ഗർഭിണികൾ, കുട്ടികൾ എന്നിവരെയും, മേജർ ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുള്ളവർ, അമിത രക്തസമ്മർദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, കരൾ,വൃക്ക രോഗങ്ങൾ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ, മറ്റു മാരക രോഗങ്ങൾ എന്നിവയുള്ളവരെ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കും.
കൊവിഡ് പോസിറ്റീവ് ആയ വാർഡുകളിലും സമീപ വാർഡുകളിലുമാണ് ആദ്യഘട്ട സർവ്വേ . കാഞ്ഞങ്ങാട് ഹെൽത്ത് സൂപ്പർവൈസർ ബി.നന്ദകുമാർ, കാസർകോട് ഹെൽത്ത് സൂപ്പർവൈസർ എ. കെ. ഹരിദാസ് എന്നിവർ മേൽനോട്ടം വഹിക്കും. നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ജമാൽ അഹമ്മദ്, ഡോ.വി. സുരേശൻ,ഡോ.ഡി .ജി. രമേശ് എന്നിവർക്കാണ് ജില്ലയിൽ സർവ്വേചുമതല. കാസർകോട്, കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റികളിലും ചെമ്മനാട്, ചെങ്കള ,മുളിയാർ, മധൂർ, കുമ്പള, ബദിയടുക്ക,മൊഗ്രാൽ പുത്തൂർ, ഉദുമ, പള്ളിക്കര, അജാനൂർ, പുല്ലൂർ പെരിയ എന്നീ പഞ്ചായത്തുകളിലുമാണ് സർവ്വേ നടക്കുന്നത്.