കണ്ണൂർ: കോർപ്പറേഷൻ മേയർ സുമാ ബാലകൃഷ്ണനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയും വോട്ടെടുപ്പും മാറ്റിവച്ചതോടെ യു.ഡി.എഫിന് താൽക്കാലിക ആശ്വാസം. എന്നാൽ കേന്ദ്ര സർക്കാർ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ചർച്ച മാറ്റിവച്ചതായി മാത്രമാണ് കളക്ടറുടെ അറിയിപ്പിൽ പറയുന്നതെന്നതിനാൽ ഇക്കാര്യം ആശങ്കയ്ക്കും ഇടനൽകുന്നുണ്ട്. കമ്മിഷന്റെ നിർദ്ദേശ പ്രകാരം മറ്റൊരു തീയതിയിൽ വോട്ടെടുപ്പ് നടത്തുമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ.

ലോക്ക് ഡൗൺ നീട്ടി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വിഷു ദിവസം വന്നതിന് ശേഷമാണ് ജില്ലാ കളക്ടർ ഇന്നലെ നടത്താൻ നിശ്ചയിച്ച അവിശ്വാസ പ്രമേയ ചർച്ചയും വോട്ടെടുപ്പും മാറ്റിവച്ചതായി കോർപ്പറേഷൻ സെക്രട്ടറിയെ അറിയിക്കുന്നത്. കളക്ടർ കൗൺസിൽ അംഗങ്ങൾക്ക് അറിയിപ്പ് നല്കി വിളിച്ച യോഗം മാറ്റിവയ്ക്കുന്ന വിവരം സെക്രട്ടറിയെ മാത്രം അറിയിച്ചത് ശരിയായില്ലെന്ന ആരോപണവും യു.ഡി.എഫ് ഉന്നയിച്ചു. കൗൺസിലർമാരെ ഫോണിൽ വിളിച്ചാണ് സെക്രട്ടറി യോഗം മാറ്റിവച്ച വിവരം അറിയിച്ചതെന്നും ചില കൗൺസിലർമാർ കാര്യം അറിഞ്ഞിട്ടില്ലെന്നും ഇവർ പറയുന്നു. ജില്ലാ കളക്ടർ രാഷ്ട്രീയം കളിക്കുകയാണെന്നാണ് യു.ഡി.എഫിന്റെ ആരോപണം.

നേരത്തെ മുസ്ലിംലീഗ് കൗൺസിലറുടെ പിന്തുണയോടെ ഡെപ്യൂട്ടി മേയറായിരുന്ന പി.കെ രാഗേഷിനെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. ഇതേരീതിയിൽ മേയറെയും പുറത്താക്കി ഭരണം പിടിക്കാനുള്ള നീക്കമാണ് എൽ.ഡി.എഫ് നടത്തുന്നത്. എന്നാൽ കൊവിഡ് 19ന്റെ വ്യാപനം തടയാനായി നാടെങ്ങും പ്രവർത്തനങ്ങൾ നടക്കുമ്പോൾ ജില്ലയിൽ ഇതിന്റെ ചുക്കാൻ പിടിക്കുന്ന ജില്ലാ കളക്ടർ ഈ സമയത്ത് അവിശ്വാസ പ്രമേയ നോട്ടീസ് സ്വീകരിച്ചത് തെറ്റാണെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ച ചെയ്യാനായി കൗൺസിൽ ഹാളിൽ യോഗം വിളിച്ച ജില്ലാ കളക്ടർ കൊവിഡ് സുരക്ഷാ അകലം പോലും പാലിക്കുന്നതിൽ വീഴ്ച കാട്ടുന്നതായും ആരോപിച്ചു.

മാറ്റിയതിന് പിന്നിൽ കൗൺസിൽ ഹാളിന്റെ സൗകര്യക്കുറവ്

കൗൺസിൽ ഹാളിൽ 55 അംഗങ്ങളും മറ്റ് ഉദ്യോഗസ്ഥരുമുൾപ്പെടെയുള്ളവർക്ക് സുരക്ഷിത അകലം പാലിച്ച് ഇരിക്കാനുള്ള സ്ഥലമില്ല. ഇക്കാര്യമുൾപ്പെടെ പരിഗണിച്ചാണ് യോഗം മാറ്റിവച്ചതെന്നാണ് അറിയുന്നത്. എന്നാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ ഈ മാസം 20ന് ശേഷം നഗരത്തിലെ മറ്റൊരു ഹാളിൽ യോഗം വിളിക്കുമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. കണ്ണൂർ താലൂക്കിൽ കൊവിഡ് -19 കാര്യമായി റിപ്പോർട്ട് ചെയ്യാത്തതും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം മുസ്ലിംലീഗ് കൗൺസിലറെ കൂടി ഒപ്പം നിർത്തി പ്രമേയത്തെ നേരിടാനുള്ള നീക്കങ്ങളും യു.ഡി.എഫിൽ സജീവമാണ്.

ബൈറ്റ്

'' കോർപ്പറേഷൻ വിഷയത്തിൽ ജില്ലാ കളക്ടർ സി.പി.എമ്മിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ്. ലോക്ക് ഡൗൺ കാലയളവിൽ മേയർക്കെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് സ്വീകരിച്ച കളക്ടർ തന്നെ ലോക്ക് ഡൗൺ ചൂണ്ടിക്കാട്ടി ചർച്ച മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചുവെന്ന് പറയുന്നത് വിചിത്രം തന്നെ.

അഡ്വ. ടി.ഒ മോഹനൻ,കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ