മട്ടന്നൂർ: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടതിനെ തുടർന്ന് വിഷുദിനത്തിൽ മട്ടന്നൂരിൽ തുറന്നു പ്രവർത്തിച്ച കടകൾ പൊലിസ് അടപ്പിച്ചു.ആളുകൾ തമ്മിൽ അകലം പാലിക്കാതെ കടകൾക്ക് മുന്നിൽ തിരക്ക് ഉണ്ടായതിനെ തുടർന്നാണ് പൊലിസ് കടകൾ അടപ്പിച്ചത്. പലചരക്ക് കടകളും പച്ചക്കറി കടകളുമാണ് അടയ്ക്കാൻ നിർദ്ദേശം നൽകിയത്.
വിഷുവിന്റെ തലേ ദിവസവും കടകൾക്ക് മുന്നിലെ ജനത്തിരക്ക് നിയന്ത്രിക്കാൻ പൊലിസിന് ഇടപെടേണ്ടി വന്നിരുന്നു. രണ്ടാം ദിവസവും ഇത് തുടർന്നതോടെയാണ് പൊലിസ് കർശന നടപടി സ്വീകരിച്ചത്. നിയന്ത്രണങ്ങൾ പാലിക്കാതെ ആളുകൾ കടകൾക്കുള്ളിൽ കയറുകയും നിർദ്ദേശങ്ങൾ ലംഘിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. അതേ സമയം അവശ്യ സേവന മേഖലയിൽ തൊഴിലെടുക്കുന്ന വ്യാപാരികൾക്ക് സംരക്ഷണം നൽകാൻ പോലീസ് തയ്യാറാകണമെന്ന് വ്യാപാരി സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 15 കേസുകളാണ് മട്ടന്നൂർ പൊലിസ് രജിസ്റ്റർ ചെയ്തത്. അത്യാവശ്യങ്ങൾക്കല്ലാതെ വാഹനങ്ങളിൽ പുറത്തിറങ്ങിയവരാണ് കുടുങ്ങിയത്.