നീലേശ്വരം : പടക്കം വാങ്ങാൻ മാറ്റി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് മാതൃകയാവുകയാണ് കൊയാമ്പുറം പരുത്തിക്കാമുറി ജി.എൽ.പി. സ്കൂളിലെ എൽ. കെ. ജി വിദ്യാർഥി ദേവഹർഷ്. വിഷുവിന് പടക്കം വാങ്ങാൻ കഴിഞ്ഞ ഒരു വർഷമായി കുടുക്കയിൽ ശേഖരിച്ച് വരുന്ന തുകയാണ് മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം കൊവിഡ് മഹാമാരിക്കേതിരെ പോരാടാൻ ഈ കൊച്ചു മിടുക്കൻ സംഭാവനയായി നൽകിയത്. നീലേശ്വരം ചിറപ്പുറം പ്ലസ് പോയിന്റ് ടൂ വീലർ സർവീസ് നടത്തുന്ന പ്രിയേഷ് എം. കെ–രേഷ്മ ദമ്പതികളുടെ മകനാണ് ദേവഹർഷ്. വാർഡ് മെമ്പർ കെ. വി. ഗീതയുടെ സാന്നിധ്യത്തിൽ നീലേശ്വരം എസ് ഐ പ്രേമന് കുടുക്ക കൈമാറി. ജനമൈത്രി പൊലീസ് ഇത് ദുരിതാശ്വാസ നിധിയിലേക്ക് അയച്ചുകൊടുക്കും