പേരാവൂർ: കണിച്ചാർ കുണ്ടേരിയിൽ ഗൃഹനാഥന് സ്ഫോടനത്തിൽ പരിക്കേറ്റ സംഭവത്തെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സഹോദരന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിനോട് ചേർന്ന താത്കാലിക ഷെഡ്ഡിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കും ഇലക്ട്രിക് ഡിറ്റണേറ്ററും കണ്ടെടുത്തു.സഹോദരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് 12 മണിയോടെ വീടിനോട് ചേർന്ന പുരയിടത്തിൽ ചപ്പുചവറുകൾ കത്തിക്കുന്നതിനിടെയാണ് കുന്നശ്ശേരിയിൽ ഷാജന് പരിക്കേറ്റത്. ഇടതു കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റ ഷാജൻ ഇപ്പോൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെത്തുടർന്ന് കേളകം പൊലീസ് നടത്തിയ പരിശോധനയിലാണ് സഹോദരൻ ഡയസ് തോമസിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിനോട് ചേർന്ന താത്കാലിക ഷെഡ്ഡിൽ നിന്ന് സ്‌ഫോടകവസ്തു കണ്ടെടുത്തത്.
കുപ്പിവെള്ളത്തിന് അമിതവില
രണ്ട് കടകൾക്കെതിരേ നടപടി
ഇരിട്ടി: വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം രൂപീകരിച്ച സ്‌ക്വാഡ് നടത്തിയ പരിശേധനയിൽ ഇരിട്ടി താലൂക്കിലെ കണിച്ചാർ, കേളകം, പേരാവൂർ, നീണ്ടുനോക്കി മേഖലകളിലെ 12 കടകളിൽ 5 കടകൾക്കെതിരെ കേസെടുത്തു. ഇതിൽ രണ്ടുകടകൾ അമിതവില ഈടാക്കി കുപ്പിവെള്ളം വിൽക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ഇവരിൽ നിന്നും അയ്യായിരം രൂപ വീതം ഫൈൻ ഈടാക്കി.
മേഖലയിൽ നടക്കുന്ന പരിശോധനയുടെ ഫലമായി ഓരോ പ്രദേശത്തെയും കടകളിൽ വില ഏകീകരിക്കുന്നതിനും വിലക്കയറ്റം തടഞ്ഞു നിർത്തുന്നതിനും ഒരു പരിധി വരെ സാധിച്ചിട്ടുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ജോസഫ് ജോർജ്ജ് അറിയിച്ചു. എല്ലാ കടകളിലും വില വിവരപ്പട്ടിക പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഏതാനും കടകൾ ഈ നിർദ്ദേശം പാലിക്കുന്നിലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇത്തരം കടകൾക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. താലൂക്കിൽ ഇതുവരെ 262 കടകളിൽ പരിശോധന നടത്തിയതായും ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് 82 കേസുകൾ എടുത്തതായും സപ്ലൈ ഓഫീസർ പറഞ്ഞു.