ഇരിട്ടി : കർണ്ണാടകയിൽ നിന്നും വനപാതയിലൂടെ ഉളിക്കൽ പഞ്ചായത്തിലെ കലാങ്കിയിലെത്തിയ 10 അംഗ സംഘത്തെ കൊറോണാ കെയർ സെന്ററിലേക്ക് മാറ്റി. കുടക് സിദ്ദാപുരത്ത് കൃഷിപ്പണിക്കായി പോയ വെളിയമ്പ്ര, മാലൂർ, പടിയൂർ , മട്ടന്നൂർ സ്വദേശികളെയാണ് അധികൃതർ ഇടപ്പെട്ട് ഇരിട്ടിമടത്തിയിലെ കൊറോണാ കെയർ സെന്ററിലേക്ക് മാറ്റിയത് .
ഇവർ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതരെ വിവരമറിയിക്കുകയും, അധികൃതരും നാട്ടുകാരും ഇവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും നൽകിയ ശേഷം ആരോഗ്യ വകുപ്പ് അധികൃതർ ഇവരുടെ ആരോഗ്യ നില പരിശോധിച്ചു. തുടർന്ന് ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരന്റെ നിർദ്ദേശാനുസരണം 10 പേരെയും ആംബുലൻസിൽ ഇരിട്ടിയിലെ നിരീക്ഷണ വാർഡിലേക്ക് മാറ്റി. സംഭവമറിഞ്ഞ ഉടനെ ഉളിക്കൽ പൊലീസും പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകി.
ഇരിട്ടി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. പി. രവീന്ദ്രൻ , രാജേഷ് പി. ജെയിംസ്, കെ.എസ് ഗിരിജ, ഉളിക്കൽ പഞ്ചായത്തു പ്രസിഡന്റ് ഷേർളി അലക്സാണ്ടർ എന്നിവർ ചേർന്നാണ് ഇവരെ കൊറോണാ കേർ സെന്ററിൽ എത്തിച്ചത്.