കണ്ണൂർ: ലോക്ക് ഡൗൺ 23 ദിവസം പിന്നിടുമ്പോൾ മദ്യം കിട്ടാതെ അലയുന്നവർ വ്യാജ വാറ്റിലേക്ക് തിരിഞ്ഞത് മദ്യ ദുരന്തത്തിന് വഴിവയ്ക്കുമോ എന്ന ആശങ്ക. എക്സൈസും പൊലീസും കണ്ണിലെണ്ണയൊഴിച്ച് വ്യാജവാറ്ര് തടയാൻ രംഗത്തുണ്ടെങ്കിലും കണ്ണുവെട്ടിച്ച് പലയിടത്തും ഇത് തുടരുന്നുണ്ടെന്നാണ് വിവരം. മലയോര പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും വാറ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പൊലീസിനോ എക്സൈസിനോ എത്തിപ്പെടാൻ കഴിയാത്ത കുന്നിൻ മുകളിലും വനത്തിനുള്ളിലും നടക്കുന്ന വ്യാജ വാറ്റ് കണ്ടെത്തണമെങ്കിൽ പ്രദേശവാസികളുടെ സഹകരണം വേണം. ഇത്തരം കേന്ദ്രങ്ങളെ കണ്ടെത്താൻ മറ്റൊരു വഴി തേടുകയാണ് എക്സൈസ്. ഇതിന്റെ ഭാഗമായി കുടുംബശ്രീകളുടെ സഹായം തേടാൻ ഒരുങ്ങുകയാണ് എക്സൈസ് ഉദ്യോഗസ്ഥർ.
ആരുടെയും നിർദ്ദേശമില്ലാതെതന്നെ കോഴിക്കോട്ട് ഇന്നലെ കുടുംബശ്രീ പ്രവർത്തകർ വ്യാജ വാറ്റിനെതിരെ രംഗത്തിറങ്ങിയിരുന്നു. ഇത് നൽകിയ ഊർജമാണ് എക്സൈസ് ഉദ്യോഗസ്ഥരെ കുടുംബശ്രീ യൂണിറ്റുകളുടെ സഹായം തേടാൻ പ്രേരിപ്പിച്ചത്. കോഴിക്കോട് മുക്കത്താണ് കള്ളവാറ്റ് പിടിക്കാൻ കുടുംബശ്രീ പ്രവർത്തകർ രംഗത്തിറങ്ങിയത്. രണ്ട് ദിവസങ്ങളിലായി വീട്ടമ്മമാർ നടത്തിയ പരിശോധനകളിൽ നൂറ് ലിറ്റർ വാഷ് കണ്ടെടുത്തു.
കാരശേരി എള്ളങ്ങൽ കോളനിയിലും പരസരങ്ങളിലും രാത്രിയിൽ ചാരായ വാറ്റും പകൽ മദ്യപാനവും പതിവായതോടെയാണ് കുടുംബശ്രീ പ്രവർത്തകർ രംഗത്തെത്തിയത്. റബ്ബർ തോട്ടത്തിലെ കുഴിയിൽ രഹസ്യമായി സൂക്ഷിച്ച വാഷ് കണ്ടെടുത്തു. നൂറ് ലിറ്റർ വാഷാണ് കണ്ടെടുത്തത്. വാഷ് പിടികൂടിയ ശേഷം പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വാഷ് നശിപ്പിക്കുകയായിരുന്നു. കൂടാതെ ഡ്രോൺ ഉപയോഗിച്ച് വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്താനുള്ള ആലോചനയും നടക്കുന്നുണ്ട്. എറണാകുളം ജില്ലയിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.