pic-

കാസർകോട് :കൊവിഡ് രോഗബാധിതർ കൂടുതലുള്ള ഹോട് സ്പോട്ട് ആയി കണക്കാക്കിയ കാസർകോട് ജില്ലയിൽ റാപിഡ് ടെസ്റ്റ് അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് വിദഗ്ധസമിതി റിപ്പോർട്ട് ചെയ്തു. സർക്കാറിനു നൽകിയ റിപ്പോർട്ടുകളിൽ ആണ് കാസർകോട് അടിയന്തരമായി റാപ്പിഡ് ടെസ്റ്റ് നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിന് ഇത് അത്യാവശ്യമാണ് എന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. കാസർകോട് രോഗബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നുണ്ടെങ്കിലും നിരീക്ഷണ കാലയളവ് കഴിഞ്ഞ ആളുകളിലും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ റാപിഡ് ടെസ്റ്റ് എത്രയും വേഗം നടത്തണം എന്നാണ് നിർദേശിക്കുന്നത്.

കൊവിഡ് ഹോട് സ്പോട്ടുകളിൽ റാപ്പിഡ് ആന്റിബോഡ‍ി ടെസ്റ്റ് നടത്തണമെന്ന് ഐ സി എം ആർ നിർദേശിച്ചിരുന്നു.ഏപ്രിൽ രണ്ട് മുതൽ നടത്തണമെന്ന് പറഞ്ഞെങ്കിലും കിറ്റിന്റെ ക്ഷാമം കാരണം നടത്തിയില്ല. ടെസ്റ്റിങ് കിറ്റുകൾ വൈകുന്നതാണു പ്രധാന തടസ്സം. ചൈനയിൽ നിന്ന് എത്തേണ്ട കിറ്റുകളുടെ ഗുണമേന്മ സംബന്ധിച്ച സംശയമാണ് വൈകുന്നതിനു കാരണമായത്. ചൈനയിൽ നിന്ന് മൂന്ന് ലക്ഷം കിറ്റുകൾ ഇന്ത്യയിൽ ഉടനെ എത്തുമെന്ന റിപ്പോർട്ടുകളിലാണ് ഇപ്പോൾ മുഴുവൻ പ്രതീക്ഷയും. അതിൽ നിന്ന് കേരളത്തിനും കിറ്റുകൾ കിട്ടുമെന്നാണ് കരുതുന്നത്. കൊവിഡ് സ്ഥിരീകരണ പരിശോധന അല്ലെങ്കിലും വൈറസ് സാന്നിധ്യം തിരിച്ചറിയാൻ നടത്തുന്ന പ്രാഥമിക പരിശോധന എന്ന നിലയിലാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് ശുപാർശ ചെയ്തത്. ഹോട്ട്സ്പോട്ടുകളിൽ പഴുതടച്ച പരിശോധനയ്ക്കാണ് കേന്ദ്രം പദ്ധതിയിട്ടത്.