കാസര്‍കോട് : മഞ്ചേശ്വരം സ്വദേശിനിയും അധ്യാപികയുമായ രൂപശ്രീയെ (44)കൊലപ്പെടുത്തിയ കേസില്‍ കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് 81 ദിവസത്തിനുശേഷമാണ് 1700 പേജുളള കുറ്റപത്രം അന്വേഷണ സംഘം കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.കഴിഞ്ഞ ജനുവരി 16നാണ് മഞ്ചേശ്വരം മിയാപദവ് ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപികയായ രൂപശ്രീയെ ഇതേ സ്കൂളിലെ അധ്യാപകനായ വെങ്കിട്ടരമണയും സഹായിയും ചേര്‍ന്ന് കൊലപ്പെടുത്തുന്നത്.

കൊല്ലപ്പെട്ട രൂപശ്രീയും കേസില്‍ മുഖ്യപ്രതിയായ വെങ്കിട്ടരമണയും തമ്മില്‍ സാമ്പത്തിക ഇടപാടുകളടക്കം ഉണ്ടായിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ പ്രശ്നങ്ങളും അധ്യാപികയ്ക്ക് മറ്റൊരു അധ്യാപകനോട് തോന്നിയ സൗഹൃദവുമാണ് വെങ്കിട്ടരമണയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ജനുവരി 16ന് കാസര്‍കോട് ഹൊസങ്കടയില്‍ ഒരു വിവാഹ സല്‍ക്കാര ചടങ്ങ് കഴിഞ്ഞു മടങ്ങുകയായിരുന്ന രൂപശ്രീയെ വഴിയരികില്‍ കാത്തുനിന്ന വെങ്കിട്ടരമണ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാനെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ വീട്ടിലെത്തിയ രൂപശ്രീയും വെങ്കിട്ടരമണയും തമ്മില്‍ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് തര്‍ക്കമുണ്ടായി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന വെങ്കിട്ടരമണയുടെ സഹായിയും കേസിലെ രണ്ടാംപ്രതിയുമായ നിരഞജനും ചേര്‍ന്ന് രൂപശ്രീയെ വീട്ടിലെ കുളിമുറിയിലുണ്ടായിരുന്ന വീപ്പയില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ചാക്കില്‍കെട്ടി കര്‍ണാടകയിലടക്കം ഉപേക്ഷിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടെങ്കിലും മഞ്ചേശ്വരം കടപ്പുറത്താണ് രൂപശ്രീയുടെ മൃതദേഹം പ്രതികള്‍ ഉപേക്ഷിച്ചത്. ജനുവരി 18 നാണ് രൂപശ്രീയുടെ മൃതദേഹം കടപ്പുറത്തുനിന്ന് കണ്ടെത്തുന്നത്.

കേസ്വനേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ബന്ധുക്കളുടെ പരാതിയെ തുടർന്ന് വെങ്കിട്ടരമണയെ ചോദ്യം ചെയ്തിരുന്നുവെങ്കിലും വേണ്ടത്ര തെളിവുകള്‍ ലഭിച്ചിരുന്നില്ല. കാസർകോട് സി ബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തതോടെയാണ് കേസില്‍ വഴിതിരിവുണ്ടായത്. തുടര്‍ന്ന് അറസ്റ്റിലായ വെങ്കിട്ടരമണയേയും സഹായി നിരഞ്ജനെയും കര്‍ണാടകയിലടക്കം എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.. നിലവില്‍ 86 പേരാണ് കേസില്‍ സാക്ഷികളായുളളത്. കൊലപാതകത്തിന് ഉപയോഗിച്ച വസ്തുക്കളും മൃതദേഹം ഉപേക്ഷിക്കാന്‍ ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തിയിരുന്നു. സി ബ്രാഞ്ച് ഡിവൈ.എസ്‌. പി എ. സതീഷ്കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കേസില്‍ ഒന്നാം പ്രതിയായ വെങ്കിട്ടരമണയും രണ്ടാംപ്രതി നിരഞ്ജനും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.