കണ്ണൂർ:എല്ലാ വിഭാഗങ്ങൾക്കും ലോക്ക് ഡൗൺ കാലത്ത് സഹായധനം അനുവദിച്ചുവെന്ന് സർക്കാർ പറയുമ്പോഴും പെൻഷൻ പോലും ലഭിക്കാതെ ആയിരക്കണക്കിന് കർഷകർ. സർക്കാർ അപേക്ഷ സ്വീകരിക്കാത്തതാണ് ഇവർക്ക് പെൻഷൻ പദ്ധതിയിൽ നിന്ന് പുറത്തായത്. കർഷക പെൻഷനുള്ള അപേക്ഷ 2017 ജനുവരി ആറ് മുതൽ അംഗീകരിക്കാതെ കിടക്കുകയാണ്.
60 വയസ് കഴിഞ്ഞ കർഷകർക്ക് 2008-09 കാലത്താണ് പെൻഷൻ വിതരണം ആരംഭിക്കുന്നത്. പിന്നീട് പെൻഷൻ തുക 1200 രൂപവരെയായി ഉയർത്തിയെങ്കിലും അപേക്ഷ സ്വീകരിക്കാത്തത് കാരണം അർഹരായ പലരും പെൻഷൻ ലഭിക്കാതെ പുറത്താണ്. ഇപ്പോൾ കൊവിഡ് 19 പ്രതിരോധ പ്രവർത്ത നങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സാമ്പത്തികമായി തകർന്ന കാലത്താണ് കർഷകർക്കിത് വലിയ സങ്കടമായി തീർന്നിരിക്കുന്നത്.
10 സെന്റെങ്കിലും കൃഷി ചെയ്തുവരുന്നതും പരമാവധി രണ്ട് ഹെക്ടർ സ്ഥലം വരെ കൃഷിഭൂമിയുള്ള, കൃഷി മുഖ്യ ഉപജീവനമാർഗമാക്കിയവർക്കാണ് പദ്ധതി പ്രകാരം പെൻഷൻ നൽകുന്നത്. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുമായിരിക്കണം. കൃഷി ഭവനുകളിലാണ് ഇതിനുള്ള അപേക്ഷ സ്വീകരിക്കേണ്ടത്. 2016 അവസാനത്തോടെ അനർഹർ പെൻഷൻ സ്വീകരിക്കുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സ്വീകരിക്കുന്നത് നിർത്തിവച്ചത്. ഇക്കാര്യത്തിൽ പരിശോധന നടത്തി അപേക്ഷ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വരുന്ന അപേക്ഷകൾ വെബ്സൈറ്റിൽ ഉൾപ്പെടുത്താറില്ല.
അപേക്ഷയുമായി വരുന്ന കർഷകരെ നിരാശരാക്കേണ്ടെന്ന് കരുതി കൃഷി ഭവനുകളിൽ അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്. ഇത്രയും കാലം സ്വീകരിച്ച നിരവധി അപേക്ഷകൾ ഓരോ കൃഷിഭവനുകളിലും കെട്ടിക്കിടക്കുന്നുമുണ്ട്. എന്നാൽ പാവപ്പെട്ട കർഷകർ അപേക്ഷ നല്കി ഒന്നുമറിയാതെ പെൻഷന് വേണ്ടി കാത്തിരിക്കുകയാണെന്നും പറയുന്നു.
പ്രശ്നം പലപ്പോഴായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കാര്യമുണ്ടായില്ലെന്നാണ് പറയുന്നത്. രണ്ട് പ്രളയങ്ങളിൽ തളർന്നവരാണ് കേരളത്തിലെ കർഷകർ. ഈ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കർഷക പെൻഷൻ വിതരണത്തിലെ ഈ പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇനി ഈ പെൻഷൻ അപേക്ഷകൾ പരിഗണിക്കപ്പെട്ടാലും കർഷകർക്ക് ഇതുവരെയുള്ള പെൻഷൻ ലഭിക്കുകയില്ല. അപേക്ഷ പരിഗണിച്ചത് മുതലുള്ള പെൻഷൻ മാത്രമേ ഇവർക്ക് ലഭിക്കൂ.
ബൈറ്റ്
പെൻഷൻ അപേക്ഷകൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പലപ്പോഴായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ബഡ്‌ജറ്റ് സമയത്ത് പോലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
പി.ടി സഗുണൻ,
ജില്ലാ പ്രസിഡന്റ്,
ആൾ ഇന്ത്യ കിസാൻ കോൺഗ്രസ്