ആലക്കോട്: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നാടെങ്ങും ലോക്ക് ഡൗണിൽ കഴിയുന്നതിനിടെ മലയോര മേഖലയിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. ആലക്കോട് പഞ്ചായത്തിലെ തേർത്തല്ലി, പനംകുറ്റി, ചിറ്റടി, കുണ്ടേരി തുടങ്ങിയ പ്രദേശങ്ങളിലാണ് രോഗം വ്യാപകമായിട്ടുള്ളത്.
മെഡിക്കൽ ഓഫീസർ ഡോ. ബിൻസി, ഡോ. ബിജോയ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് സജീവമായി രംഗത്തുണ്ട്. ഫോഗിംഗ്, ക്‌ളോറിനേഷൻ തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾ മേഖലയിൽ നടത്തുകയുണ്ടായി. എന്നാൽ തുടർച്ചയായിട്ടുള്ള ശുചീകരണപ്രവർത്തനങ്ങൾ കൊണ്ടുമാത്രമേ കൊതുകുകളെ നശിപ്പിക്കാൻ സാധിക്കുകയുള്ളൂ.
വേനൽമഴ,പിന്നാലെ കൊതുകും
വേനൽമഴയെത്തുടർന്ന് റബ്ബർതോട്ടങ്ങളിലും മറ്റുമുള്ള ചിരട്ടകളിൽ കെട്ടിനിൽക്കുന്ന മലിനജലത്തിൽ കൊതുകുകൾ മുട്ടയിടുകയും ഇവ ധാരാളമായി പെരുകുകയും ചെയ്യുന്നതാണ് ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കിയിരിക്കുന്നത്. വീടും പരിസരവും ആഴ്ചയിൽ ഒരിക്കലെങ്കിലും വൃത്തിയാക്കുകയും ചിരട്ടയിലും മറ്റും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്താൽ മാത്രമേ ഡെങ്കിപ്പനി പടർന്നുപിടിക്കുന്നത് തടയാൻ സാധിക്കുകയുള്ളൂവെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
രണ്ടു മാസംമുമ്പ് നടുവിൽ പഞ്ചായത്തിലെ വെള്ളാട് ഡെങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, സന്നദ്ധസംഘടനകൾ എന്നിവർ പ്രതിരോധപ്രവർത്തനങ്ങൾ നടത്തി രോഗവ്യാപനം തടയുകയായിരുന്നു. തേർത്തല്ലി മേഖലയിലെ വാർഡുതല കമ്മിറ്റികളുടെ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ബൈറ്റ്
തേർത്തല്ലി പി.എച്ച്.സി യുടെ പരിധിയിൽപെട്ട പ്രദേശങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഡെങ്കിപ്പനി ബാധിച്ച് പത്തിലധികം രോഗികൾ ചികിത്സ തേടിയിട്ടുണ്ട്. ഡോ. ബിജോയ് മാത്യു ,മെഡിക്കൽ ഓഫീസർ