കാഞ്ഞങ്ങാട് :നഗരസഭയിലെ ഡബിൾ ലോക്ക് ഡൗണിൽ ഉൾപ്പെട്ടെ ആലാമിപ്പള്ളി, കൂളിയങ്കാൽ,ലക്ഷ്മി നഗർ, കല്ലംഞ്ചിറ,തെരുവത്ത്, ആറങ്ങാടി,നിലാങ്കര,മന്യോട്ട്, തൊയമ്മൽ പ്രദേശങ്ങളിലെ ആയിരത്തിലധികം വീടുകളിൽ സർവ്വെ നടപടികൾ അവസാന ഘട്ടത്തിലേക്ക്. പതിനഞ്ചോളം ആരോഗ്യ വിഭാഗം ജീവനക്കാരും നാൽപ്പതിലധികം അങ്കൺവാടി ടീച്ചർമാരും ഇരുപതോളം ആശാ വർക്കർമാരുമാണ് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വീടുകൾ കയറി വ്യക്തികളുടെ ആരോഗ്യ പ്രശ്നങ്ങൾ വിലയിരുത്തുന്നത്.

നഗരസഭയിലെ പതിനാറാം വാർഡിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് കൊറോണ സ്ഥിരികരിച്ചതിന് പിന്നാലെ സമൂഹ വ്യാപനം തടയുന്നതിനായി എടുത്ത മുൻകരുതൽ നടപടി പ്രശംസ പിടിച്ച് പറ്റിയിരുന്നു.നഗരസഭ ആരോഗ്യ വകുപ്പ് .പൊലീസ് സേന എന്നിവർ സംയുക്തമായി ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ വിലയിരുത്തിയ സ്പെഷ്യൽ ഓഫീസർ അൽകേഷ് ശർമ്മ ,ഐ ജി വിജയ് സാക്കറെ, ഹൊസ്ദുർഗ്ഗ് താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റി ചെയർമാൻ കെ.വിദ്യാധരൻ എന്നിവർ തൃപ്തി രേഖപ്പെടുത്തിയിരുന്നു.