കാഞ്ഞങ്ങാട്: ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുന്ന പ്രവാസികളെ നിരീക്ഷണത്തിന് വിധേയമാക്കുന്നതിനായി താമസിപ്പിക്കുന്നതിന് കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയും യതീംഖാനയുടെ കീഴിലുള്ള ഇക്ബാൽ ഹയർസെക്കൻഡറി സ്‌കൂളും അനുബന്ധ സ്ഥാപനങ്ങളും വിട്ട് നൽകുമെന്ന് യതീംഖാന പ്രസിഡന്റ് സി.കുഞ്ഞബ്ദുല്ലഹാജി അറിയിച്ചു.

സി.എച്ച്.മുഹമ്മദ്‌കോയ സ്മാരക എഡ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള ക്രസന്റ് ഇംഗ്ലീഷ് സ്‌കൂൾ കെട്ടിടവും അനുബന്ധ സംവിധാനങ്ങളും മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സൗകര്യമൊരുക്കാൻ വിട്ടുനൽകുമെന്ന് സൊസൈറ്റി ചെയർമാൻ എം.ബി.എം.അഷറഫ് ബന്ധപ്പെട്ടവരെ അറിയിച്ചു. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ക്വാറൻറൈൻ സംവിധാനമൊരുക്കാൻ സെന്റർ ചിത്താരി മുഹിയുദ്ദീൻ ജമാഅത്തിന്റെ കീഴിലുള്ള ഹയർസെക്കന്ററി സ്‌കൂൾ, യൂ.പി. സ്‌കൂൾ കെട്ടിടങ്ങൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിട്ടു നൽകുമെന്ന് ജമാഅത്ത് പ്രസിഡന്റ് കെ.അബ്ദുൾഖാദർ ബന്ധപ്പെട്ടവരെ അറിയിച്ചു.