കൂത്തുപറമ്പ്: കതിർമണ്ഡപത്തിൽ മണവാട്ടിയായി നിന്ന് താലിയണിയേണ്ട മുഹൂർത്തത്തിൽ കാൾ സെന്ററിൽ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ ഓടി നടക്കുകയായിരുന്നു മാങ്ങാട്ടിടം കുറുമ്പുക്കലിലെ പി.അഭിനയും കെ.ശ്രുതിയും. .ഏതൊരാളുടെയും ജീവിതത്തിലെ സുന്ദര മുഹൂർത്തങ്ങളിലൊന്നായിട്ടും അത് മാറ്റിവച്ചതിൽ ഇവർക്കിരുവർക്കും സങ്കടമശ്ശേഷമില്ല.
നിരാലംബരായ നിരവധി പേരുടെ കണ്ണീരൊപ്പാനായതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും. രാജ്യം ലോക്ക് ഡൗണിലായതിനെ തുടർന്ന് പുറത്തിറക്കാൻ പറ്റാത്തായവരെ സഹായിക്കുന്നതിന് വേണ്ടി മാങ്ങാട്ടിടം പഞ്ചായത്തിൽ ആരംഭിച്ച കാൾ സെന്ററിലെ വളണ്ടിയർമാരാണ് ഇരുവരും. കൊവിഡ് 19 മഹാമാരി കേരളത്തിൽ എത്തുന്നതിന് മുൻപായിരുന്നു ബന്ധുക്കൾ കൂടിയായ ഇരുവരുടെയും വിവാഹ തീയ്യതി നിശ്ചയിച്ചത്. കുറുമ്പുക്കൽ കാറാട്ട് മടപ്പുരക്ക് സമീപത്തെ മനോഹരന്റെയും സജിമയുടെയും മകളാണ് അഭിന. അയ്യപ്പൻ തോട് സ്വദേശിയായ വിജിനാണ് പ്രതിശ്രുതവരൻ. കുറുമ്പുക്കലിലെ തന്നെ സുരേന്ദ്രൻ - സജിത ദമ്പതികളുടെ മകളായ ശ്രുതിയുടെ വിവാഹം ഈ മാസം 5നാണ് നിശ്ചയിച്ചിരുന്നത്. അയ്യപ്പൻ തോട് സ്വദേശിയായ സജിത്തുമായാണ് ഈ പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചിട്ടുള്ളത്.
ഈ മാസം രണ്ട് മുതൽ മാങ്ങാട്ടിടം പഞ്ചായത്തിൽ ആരംഭിച്ച കാൾ സെന്ററിലെ സജീവ വളണ്ടിയർമാരാണ് ഇരുവരുമെന്ന് പഞ്ചായത്ത് സെക്രട്ടറി രാജേഷ് കുമാറും സാക്ഷ്യപ്പെടുത്തുന്നു.