കണ്ണൂർ: ഈ കൊറോണക്കാലത്ത് സജ്ജമാക്കിയ കണ്ണൂർ ടൗൺ ഹയർ സെക്കൻഡറി സ്‌കൂളിലെ അഭയകേന്ദ്രത്തിൽ വീൽചെയറിനു താഴെ തഴപ്പായയിൽ പുസ്തകം വായിച്ചിരിക്കുന്ന ഒരാളുണ്ട്. പേര് രാജേഷ്. . തെരുവിൽ ലോട്ടറി വിറ്റുകിട്ടുന്ന കാശിൽ പാതിയും അനാഥാലയങ്ങൾക്കും തെരുവിൽ അലയുന്നവർക്ക് ഭക്ഷണത്തിനുമായി നീക്കിവെക്കുന്ന കോഴിക്കോട് സ്വദേശിയായ നാൽപത്തിയൊന്നുകാരൻ. ബാക്കിവന്ന ടിക്കറ്റിൽ അടിച്ച രണ്ടരലക്ഷം അപ്പാടെ ഇതെ വിധത്തിൽ നീക്കിവച്ച മനുഷ്യസ്നേഹി.
കോഴിക്കോട്ടുകാരനാണെങ്കിലും താൻ കണ്ണൂർകാരനാണെന്ന് പറയും രാജേഷ്. എസ്.എസ്.എൽ.സി പഠനത്തോടെ കണ്ണൂരേക്ക് വണ്ടികയറിയതാണ്. 25 വർഷമായി നഗരത്തിൽ ലോട്ടറി വിറ്റുനടക്കുന്നു.
മദ്യപാനികളോട് കടുത്ത വെറുപ്പാണ് രാജേഷിന് . മദ്യവും പിതാവും കൂടി നൽകിയതാണ് അംഗവൈകല്യം എന്നതുകൊണ്ടാണിത്. മദ്യപിച്ച് വഴക്കുണ്ടാക്കിയ പിതാവ് രണ്ടരവയസുകാരനെ കഴുത്തിന് തൂക്കിപ്പിടിച്ച് തല ചുമരിലിടിച്ചു. അതിൽ പിന്നെ നടക്കാനായിട്ടില്ല.വികലാംഗർക്കുള്ള എറണാകുളത്തെ ഒരനാഥാലയത്തിൽ പത്താംതരം വരെ പഠിച്ചു. പിന്നെ നേരെ കണ്ണൂരിലേക്ക്. പ്രാഥമിക കാര്യങ്ങൾ പോലും തന്നത്താൻ ചെയ്യാനാവാത്ത തന്നോട് സഹജീവികൾ കാണിക്കുന്ന സ്‌നേഹം വലുതാണെന്ന് രാജേഷ് പറയുന്നു. അങ്ങനെയാണ് മറ്റുള്ളവർക്കായി തനിക്കെന്ത് ചെയ്യാനാവുമെന്ന് ചിന്തിച്ചു. അങ്ങനെ ലോട്ടറി വിറ്റു കിട്ടുന്ന വരുമാനത്തിന്റെ പകുതി അനാഥാലയങ്ങളിൽ ഭക്ഷണമായും തെരുവിൽ അലയുന്ന വർക്ക് പണമായും രാജേഷ് നൽകാൻ തുടങ്ങിയത്.അറുന്നൂറു രൂപയാണ് രാജേഷിന്റെ പരമാവധി ദിവസ വരുമാനം.ഒരിക്കൽ വിൽക്കാതെ ബാക്കിയായ ടിക്കറ്റിന് രണ്ടര ലക്ഷം രൂപ ലോട്ടറിയടിച്ചു.അതിൽ അഞ്ചു രൂപ പോലും സ്വന്തം ആവശ്യത്തിന് വേണ്ടി ചെലവാക്കിയില്ല.
ആറു മാസം കൂടുമ്പോൾ കൂലിപ്പണിക്കാരിയായ അമ്മയെ കാണാൻ കോഴിക്കോടേക്ക് പോകും എന്തെങ്കിലും കൊടുത്ത് തിരിച്ചു വരും.അങ്ങിനെ കോഴിക്കോട്ടെക്കുള്ള ഒരു യാത്രയിൽ തന്നെ ഇഴയാനാക്കിയ അച്ഛൻ തെരുവിൽ മരിച്ചു കിടക്കുന്നതും ഈ യുവാവ് കണ്ടു. സംസ്‌കാരം കഴിഞ്ഞ ഉടനെ രാജേഷ് തന്റെ തെരുവിലേക്ക് വീണ്ടും തിരിച്ചു. കണ്ണൂരിന്റെ സ്നേഹത്തിന് നൂറിൽ നൂറുമാർക്കാണ് രാജേഷ് നൽകുന്നത്. ഈ ക്യാമ്പിലും അത് അത് പൂർണതോതിലുണ്ടെന്ന് ഈയാൾ സമ്മതിക്കുന്നു.
ലോക്ക് ഡൗണിന്റെ ഭാഗമായി ഒരുക്കിയ അഭയകേന്ദ്രത്തിൽ രാജേഷടക്കം കറുത്ത ജീവിതാനുഭവങ്ങളിലൂടെ കടന്നു വന്ന പലരുമുണ്ട്. കുടുംബങ്ങൾ തിരസ്‌കരിച്ച് നഗരത്തിൽ അന്തിയുറങ്ങുന്നവരും ഊരും പേരുംഓർമ്മയില്ലാത്ത അവസ്ഥയിൽ അലയുന്നവരുമടക്കം 65പേർ.