കണ്ണൂർ: സർവകലാശാലയുടെ ഫേസ്ബുക്ക് പേജിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അപമാനിക്കാൻ വേണ്ടി ബോധപൂർവ്വം തെറ്റായ കാര്യങ്ങൾ പോസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും അടിയന്തരമായും സസ്‌പെൻഡ് ചെയ്യണമെന്നും ഐ.ടി ആക്ട് പ്രകാരം കേസെടുക്കണമെന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.സർക്കാറിന്റെ വീഴ്ചകളും തട്ടിപ്പും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയ പ്രതിപക്ഷ നേതാവിനെ അപമാനിക്കാനും സർവകലാശാലയുടെ ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ചത് ഗുരുതരമായ തെറ്റാണ്.കണ്ണൂർ സർവകലാശാലയെ രാഷ്ട്രീയ ആവശ്യത്തിന് ദുരുപയോഗം ചെയ്യാൻ പരീക്ഷാ കൺട്രോളർ ഉൾപ്പെടെയുള്ള ഉത്തരവാദപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ കൂടി പങ്കാളിയായിട്ടുണ്ടെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും സതീശൻ പാച്ചേനി പറഞ്ഞു.