കാസർകോട്: ലോക്ഡൗണിൽ മംഗളൂരുവിലെ ബന്ധുവീട്ടിൽ കുടുങ്ങിയ കുട്ടികളെ കാസർകോട്ടെ മാതാപിതാക്കളുടെ അടുത്തെത്തിച്ച് കർണാടക പൊലീസ്. മംഗളൂരു ഈസ്റ്റ് (കദ്രി) പൊലീസ് എ .എസ് .ഐ സന്തോഷ് കുമാർ പാടീൽ ആണ് കുട്ടികളെ തലപ്പാടി അതിർത്തിയിലെത്തിച്ചത്. ഇവിടെ നിന്നും ബന്ധുക്കൾ കുട്ടികളെ കൂട്ടിക്കൊണ്ടുപോയി.
അവധി ആഘോഷിക്കാനായി മംഗളൂരു മംഗലദേവിയിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു കുട്ടികൾ. ഇതിനിടെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ കുട്ടികൾ ഇവിടെ കുടുങ്ങി. മഞ്ചേശ്വരം സ്വദേശികളായ ഇവരുടെ മാതാപിതാക്കൾ അവിടെയും കുട്ടികൾ മംഗളൂരുവിലുമായി. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് എ .എസ് .ഐ സന്തോഷ് കുമാർ ഇടപെട്ട് കുട്ടികളെ തലപ്പാടിയലെത്തിക്കാമെന്ന് അറിയിച്ചത്. കേരള പൊലീസിന്റെ അനുമതിയോടെ വീട്ടുകാർ തലപ്പാടി ചെക്ക്‌പോസ്റ്റിലെത്തി കുട്ടികളെ കൂട്ടിക്കൊണ്ടുപോയി.
അനുമതിയില്ലാതെ അതിർത്തി കടന്നാൽ കർശന നടപടി
ലോക് ഡൗൺ ലംഘിച്ച് അനുമതിയില്ലാതെ അതിർത്തി കടന്നുവന്ന നാലുപേരെ തലപ്പാടിയിൽ പിടികൂൂടി സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് അനുമതിയില്ലാതെ അതിർത്തി കടന്ന് ജില്ലയിൽ പ്രവേശിക്കുന്നവരെ പിടികൂടി 14 ദിവസം സർക്കാരിന്റെ നേതൃത്വത്തിലുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമനെന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു.