കണ്ണൂർ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സുരക്ഷിതത്വമില്ലാതെ പാർക്ക് ചെയ്തിട്ടുള്ള സ്വകാര്യ ബസുകൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യുന്നതിനും വർക്ക് ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുന്ന ഞായറാഴ്ച അറ്റകുറ്റപ്പണികൾക്കായി ബസുകൾ മാറ്റുന്നതിനും അനുമതി നൽകി ജില്ലാ കളക്ടർ ഉത്തരവായി. ഈ സമയങ്ങളിൽ ലോക് ഡൗണുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു. ബസുകളുടെ അറ്റകുറ്റപ്പണികൾ രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ നടത്തേണ്ടതാണ്. വൈകുന്നേരം ആറ് മണി മുതൽ 10 മണിവരെയുള്ള സമയത്ത് ബസുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം. ഒരു ബസിൽ രണ്ടിൽ കൂടുതൽ ആളുകൾ ഉണ്ടാകാൻ പാടില്ല, ജീവനക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കണം.