കണ്ണൂർ: കൊവിഡ്-19ന്റെ സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്നറിയുന്നതിനായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സമ്പർക്കപ്പട്ടികയിലുള്ളവരെ സ്രവ പരിശോധനയ്ക്ക് വിധേയമാക്കുന്നതിൽ പരിഭ്രാന്തി വേണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. നാരായണ നായ്ക്ക്. ആംബുലൻസ് മാർഗ്ഗമാണ് ഇവരെ അടുത്തുള്ള കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്കും തിരിച്ച് വീട്ടിലേക്കും എത്തിക്കുന്നത്.
ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഒ.പിയിൽ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ആശുപത്രി സന്ദർശിക്കുന്നവരും ഒ.പി യിൽ ക്യൂ നിൽക്കുന്നവരും ഒരു മീറ്റർ അകലം പാലിക്കണം. ആശുപത്രിയിൽ എത്തിക്കഴിഞ്ഞാലും തിരിച്ചെത്തിയാലും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുക. ആശുപത്രി സന്ദർശിക്കുന്നവർ ഡബിൾ ലെയർ തുണികൊണ്ടുണ്ടാക്കിയ സാധാരണ മാസ്‌ക് ഉപയോഗിക്കണമെന്നും ഡി.എം.ഒ നിർദ്ദേശിച്ചു.