ഇരിട്ടി: ഇരിട്ടിയുടെ വിവിധ മേഖലകളിൽ നടന്ന വ്യാജവാറ്റ് പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. അയ്യങ്കുന്ന് പഞ്ചായത്തിലെ വാണിയപ്പാറയിൽ ഒരാൾ വാറ്റു ഉപകരണങ്ങൾ സഹിതം പിടിയിലായി. വാണിയപ്പാറ തട്ടിലെ കെ. ജെയ്സൺ ആണ് കരിക്കോട്ടക്കരി പൊലീസിന്റെ പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു.
കരിക്കോട്ടക്കരി സി.ഐ പി.ആർ. സിനുവിന്റെ നേതൃത്വത്തിൽ വാണിയപ്പാറയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ചാരായം വാറ്റുന്നതിനിടെ ജെയ്സൺ പിടിയിലാകുന്നത്. പ്രതിയെ അറസ്റ്റു ചെയ്ത ശേഷം റിമാൻഡ് ചെയ്തു.
ഇരിട്ടി എക്‌സൈസ് റേഞ്ച് ഓഫിസ് പ്രിവന്റീവ് ഓഫിസർ ജോണി ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇരിട്ടി പുഴയുടെ തുരുത്തിൽ നിന്നും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 250 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. എക്‌സൈസ് ഇന്റലിജൻസിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എരുമത്തടത്തെ നാട്ടുകാരുടെ സഹായത്തോടെ രണ്ട് വട്ടത്തോണികളിലായാണ് തുരുത്തിൽ എക്‌സൈസ് സംഘം എത്തിയത്. എക്‌സൈസ് സംഘത്തിൽ സി.ഇ.ഒമാരായ രമീഷ്, ഷൈബി കുര്യൻ, ബാബുമോൻ ഫ്രാൻസിസ്, എക്‌സൈസ് ഡ്രൈവർ ജോർജ് എന്നിവർ ഉണ്ടായിരുന്നു.