പഴയങ്ങാടി: കൊവിഡിനെ പ്രതിരോധിക്കുന്നതിനൊപ്പം കല്യാശ്ശേരിയിൽ സമഗ്രവിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി ഓൺലൈനിൽ കുട്ടികൾക്ക് പഠനപ്രവർത്തനം ഒരുക്കി. പ്രൈമറി വിദ്യാർഥികൾക്ക് ഒരു ദിവസം ഒരു വിഷയത്തിലാണ് പഠനം.

ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ലഘുപരിക്ഷണം, പ്രാദേശിക ചരിത്രരചന, ഗണിത കേളികൾ, ഭാഷാ ശേഷി കൈവരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നൽകുന്നു. ഓരോദിവസവും മണ്ഡലത്തിലെ വിദഗ്ധരായ അദ്ധ്യാപകർ തയ്യാറാക്കുന്ന പ്രവർത്തനം കല്യാശേരി മണ്ഡലം റിസോഴ്സ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും. ഇവ പ്രധാനാദ്ധ്യാപകർ വഴി അദ്ധ്യാപകരിലേക്കും രക്ഷിതാക്കളിലും എത്തും. രക്ഷിതാക്കളുടെ പിന്തുണ ഉറപ്പാക്കി കുട്ടികൾ ചെയ്യുന്ന പ്രവർത്തനങ്ങൾ അദ്ധ്യാപകർ വിലയിരുത്തും. മികച്ച മാതൃകകൾ ഗ്രൂപ്പിൽ അവതരിപ്പിക്കും.

പഠനപ്രവർത്തനങ്ങൾ കൂടാതെ കുട്ടികളുടെ സർഗപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നു. അംബികാസുതൻ മാങ്ങാട്, പയ്യന്നൂർ കുഞ്ഞിരാമൻ എന്നിവരുടെ ഓഡിയോ ഭാഷണം കുട്ടികൾക്ക് നൽകി. വരും ദിവസങ്ങളിൽ ഓർമിക്കാൻ എളുപ്പവഴികൾ - പ്രജേഷ് കണ്ണൻ, ശിൽപ നിർമാണം - ഉണ്ണികാ നായി, വരയുടെ രസം ചിത്രൻ കുഞ്ഞിമംഗലം എന്നിവർ ഓൺലെൻ ക്ലാസുകൾ നൽകും. സമഗ്ര ശിക്ഷ കേരളയുടെ സഹായത്തോടെയാണ് പ്രവർത്തനം.ടി.വി.രാജേഷ് എം.എൽ.എയുടെ നേതൃത്വത്തിലാണ് കല്യാശ്ശേരി നിയോജകമണ്ഡലം പരിധിയിൽ സമഗ്രവിദ്യാഭ്യാസ പദ്ധതി ആരംഭിച്ചത്.