കാസർകോട് :കൃഷി വകുപ്പ് മന്ത്രി ഇടപെട്ടതോടെ ശങ്കര നാരായണ ഭട്ടിന്റെ കുമ്പളം വിപണിയിൽ എത്തുമെന്ന് ഉറപ്പായി. ബദിയടുക്ക പഞ്ചായത്തിലെ ബൈക്കുഞ്ച ശങ്കര നാരായണ ഭട്ട് എന്ന കർഷകന്റെ 14,​000 കി ഗ്രാം കുമ്പളം, വിപണി കണ്ടെത്താൻ കഴിയാത്തതിനാൽ കെട്ടികിടക്കുകയായിരുന്നു. വിപണി നേരത്തെ പറഞ്ഞുറപ്പിച്ചാണ് കൃഷിയിറക്കിയത്. പക്ഷെ ലോക്ക് ഡൗൺ കാരണം അത് സാധിച്ചില്ല.

ഈ വിവരം അറിഞ്ഞയുടൻ കൃഷി വകുപ്പ് മന്ത്രി വി. എസ് .സുനിൽകുമാർ നേരിട്ട് ഇടപെട്ട് ഹോർട്ടികോർപ് വഴി ശങ്കര നാരായണ ഭട്ടിന്റെ കൃഷിയിടത്തിലുള്ള മുഴുവൻ കുമ്പളങ്ങയും സംഭരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. മന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ കൃഷി ഓഫീസർ സജിനി മോളിന്റെ നേതൃത്വത്തിൽ ഉന്നത കൃഷി ഉദ്യോഗസ്ഥർ ഭട്ടിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. ശനിയാഴ്ച ഹോർട്ടി കോർപ് കുമ്പളങ്ങ മുഴുവനായി ശേഖരിക്കുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു