കണ്ണൂർ: പാനൂരിനടുത്ത് ചെറുവാഞ്ചേരിയിൽ ഒരു കുടുംബത്തിലെ 10 പേർക്ക് കൊവിഡ് -19. ഇന്നലെ സമ്പർക്കം വഴി രോഗബാധ കണ്ടെത്തിയ ചെറുവാഞ്ചേരി സ്വദേശി 27കാരിയുടെ ഫലം വന്നതോടെയാണ് 10 പേരിലും രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ എട്ടിന് ഇവരുടെ ഭർത്താവിന് രോഗം സ്ഥിരീകരിച്ചിരുന്നു. കൂടാതെ കുടുംബത്തിലെ 81 കാരനും ഷാർജയിൽ നിന്നുമെത്തിയ 11 വയസുകാരനും കൊവിഡ് ചികിത്സയിലാണ്. കുടുംബത്തിൽ 16 അംഗങ്ങളുടെ പരിശോധനയാണ് നടത്തിയത്. കുടുംബത്തിലെ ചിലരുടെ പരിശോധനാഫലം നെഗറ്റീവാണ്. ചില ഫലങ്ങൾ വരാനുമുണ്ട്.
ഇന്നലെ ജില്ലയിൽ യുവതിയുൾപ്പെടെ നാലു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ടി.വി. സുഭാഷ് അറിയിച്ചു. കാസർകോട് ജില്ലയിൽ ഒരാൾക്ക് മാത്രമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നുമെത്തിയ 20കാരന് 28 ദിവസത്തിന് ശേഷം രോഗം സ്ഥിരീകരിക്കുകയായിരുന്നു. 24പേർ ഇന്നലെ രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങി.