മാഹി:മാഹിയിൽ കൊവിഡ് ബാധിതനായി മരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള അഴിയൂർ ഗ്രാമ പഞ്ചായത്ത് നിവാസിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അഴിയൂരിലെ നാല്, അഞ്ച് വാർഡുകളിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. മാഹി അതിർത്തിയുമായി ബന്ധപ്പെടുന്ന ഏഴ് സ്ഥലങ്ങൾ അടച്ച് പോലിസ് റവന്യൂ ചെക്ക് പോസ്റ്റ് സ്ഥാപിച്ചു.
ഡപ്യൂട്ടി കളക്ടർ ടി. ജനിൽകുമാർ സ്ഥിതിഗതികൾ വിലയിരുത്തി. അഴിയൂർ ഗ്രാമ പഞ്ചായത്തിലെ കടകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ എട്ട് മണി മുതൽ 11 മണി വരെയേ കടകൾ തുറക്കാൻ പാടുള്ളു. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ 4, 5 വാർഡുകളിൽ ഒഴികെ രണ്ട് മണി വരെ പ്രവർത്തിക്കാൻ അനുവദിക്കും. ജനങ്ങൾ പുറത്തിറങ്ങുന്നത് പൂർണ്ണമായും നിയന്ത്രിക്കും. പൊതുപ്രവേശന മാർഗങ്ങളിൽ പോലിസിന്റെ കർശന പരിശോധന ഉണ്ടാകും.
അഴിയൂരിൽ ഏപ്രിൽ 20 വരെനിയന്ത്രണങ്ങൾ കർശനമായി തുടരാൻ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.മാഹിയിൽ രോഗം ബാധിച്ച് മരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ അഴിയൂരിൽ നിന്നുള്ള കൂടുതൽ പേർ ഉണ്ടോ എന്ന് പരിശോധിക്കുവാൻ കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെടും.