tata

കാസർകോട്: ടാറ്റ ഗ്രൂപ്പിന്റെ സഹായത്തോടെ ചട്ടഞ്ചാൽ മാഹിനാബാദിലെ അഞ്ചേക്കർ സ്ഥലത്ത് 540 ബെഡുകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി പണിയുന്നതിനുള്ള ഭൂമി നിരപ്പാക്കുന്ന ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. കാസർകോട് ജില്ലയിലെ കരിങ്കൽ ക്വോറി ഉടമകളുടെയും കരാറുകാരുടെയും സി.ഇ.ഒ അസോസിയേഷന്റെയും കൂട്ടായ്മയിലാണ് ചെങ്കൽപ്പാറ പൊട്ടിക്കുന്ന ജോലികൾ ദ്രുതഗതിയിൽ നടന്നുവരുന്നത്. തെക്കിൽ വില്ലേജിലെ അഞ്ചേക്കർ സ്ഥലത്താണ് ആശുപത്രി സ്ഥാപിക്കുന്നത്. ആശുപത്രി പണിയുന്നതിനായി സ്ഥലം നിരപ്പാക്കുന്നതിന് കൺസ്ട്രക്ഷൻ എക്യൂപ്‌മെൻറ്സ് ഓണേഴ്‌സ് അസോസിയേഷനെയാണ് ജില്ലാ കളക്ടർ ആദ്യം ചുമതലപ്പെടുത്തിയത്. സംഘടനയുടെ സംസ്ഥാന കമ്മറ്റി തങ്ങൾ ചെയ്തുതരാമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകുകയായിരുന്നു.

തുടർന്ന് അസോസിയഷന്റെ 25 ഓളം വരുന്ന ജെ.സി.ബിയും ഹിറ്റാച്ചിയും ഉപയോഗിച്ച് കഴിഞ്ഞ നാല് ദിവസമായി പണി നടത്തിയെങ്കിലും ചെങ്കൽപ്പാറ പൊട്ടിക്കൽ ശ്രമകരമായിരുന്നു. ഈ വണ്ടികൾ മാത്രം ഉപയോഗിച്ച് ഭൂമി നിരപ്പാക്കൽ തുടർന്നാൽ ജോലി പൂർത്തിയാക്കാൻ മാസങ്ങളെടുക്കുമെന്ന് ബോധ്യപ്പെട്ട കളക്ടർ ജില്ലയിലെ കരിങ്കൽ ക്വോറി ഇ.സി ഹോൾഡേഴ്സ് അസോസിയേഷന്റെ ഭാരവാഹികളെ ബന്ധപ്പെട്ട് മണ്ണ് നിരപ്പാക്കുന്നതിനായി ഹിറ്റാച്ചികൾ ആവശ്യപ്പെടുകയായിരുന്നു. ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടറുടെ നിർദ്ദേശം അനുസരിച്ച് ജില്ലാ പ്രസിഡന്റ് സി. നാരായണൻ, സെക്രട്ടറി ഡാവി സ്റ്റീഫൻ, ആന്റണി കയ്യാർ, അംബുജാക്ഷൻ പെരിയ, പി.എം ഗ്രൂപ്പ്, ജെ.പി പീറ്റർ, എന്നിവർ ക്വോറിയിൽ കരിങ്കൽ പാറപൊട്ടിക്കുന്ന വലിയ ഹിറ്റാച്ചികൾ വിട്ടുകൊടുത്തു. വൻകിട കൺസ്ട്രക്ഷൻ ജോലികൾക്ക് മാത്രം ഉപയോഗിക്കുന്ന അഞ്ച് വലിയ എസ്കവേറ്ററും ഒരു ചെറിയ ഹിറ്റാച്ചിയും ഉപയോഗിച്ചാണ് ദ്രുതഗതിയിൽ നിരപ്പാക്കൽ ജോലികൾ നടത്തിവരുന്നത്. അതോടൊപ്പം സി.ഇ.ഒ എയുടെ ജെ.സി.ബികളും നിരപ്പാക്കൽ ജോലികൾ തുടരുന്നുണ്ട്.

ഈസി അസോസിയേഷന്റെ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ ഹനീഫ ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുകയും സ്ഥലത്തു ക്യാമ്പ് ചെയ്ത് ജോലിക്ക് മേൽനോട്ടം വഹിക്കുകയുമാണ്. എസ്കവേറ്ററിന് വേണ്ടിവരുന്ന ഇന്ധനച്ചിലവും മറ്റ് കാര്യങ്ങളും ജില്ലാ ഭരണകൂടം നൽകാമെന്ന് ഏറ്റിരുന്നു. രണ്ടുതട്ടുകളായി മണ്ണ് നീക്കിത്തരണമെന്നാണ് കളക്ടർ ആവശ്യപ്പെട്ടിരുന്നത്. 50 മീറ്റർ വരുന്ന ആദ്യത്തെ തട്ട് അഞ്ചു ദിവസം കൊണ്ട് പൂർത്തിയാക്കണം. കളക്ടർ ആവശ്യപ്പെട്ട ദിവസങ്ങൾക്ക് മുമ്പ് തന്നെ നിലം പൂർണ്ണമായും നിരപ്പാക്കി കൊടുക്കുന്ന ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനുള്ള ഊർജിത പ്രവർത്തികളാണ് നടന്നുവരുന്നത്. തട്ടുകൾ തിരിച്ചു നിരപ്പാക്കിയ സ്ഥലം കൈമാറിയ ഉടനെ ആശുപത്രി സ്ഥാപിക്കാനുള്ള പ്രവർത്തികൾ ടാറ്റ ഗ്രൂപ്പ് ആരംഭിക്കും.