കണ്ണൂർ: കൊവിഡ് 19 കാലത്ത് വീട്ടിലിരുന്ന് മുഷിയാതിരിക്കാൻ നിങ്ങൾ കൃഷി ചെയ്തിരുന്നോ....? ആളുകൾ കണ്ടാൽ അമ്പമ്പോ, ഇത് കൊള്ളാല്ലോയെന്ന് പറയുമെന്ന് തോന്നുന്നുണ്ടോ.. എങ്കിൽ ഒരു പക്ഷേ നിങ്ങൾക്കും അവാർഡ് കിട്ടിയേക്കാം. മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം വീട്ടിൽ കൃഷി തുടങ്ങിയവരെ ആദരിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന കൃഷി വകുപ്പ്. ഈ മാസം ആദ്യം അൻപത് ലക്ഷം കുടുംബങ്ങൾക്ക് വിത്ത് വിതരണം ചെയ്തിരുന്നു. ഇവർ ഏത് രീതിയിൽ കാമ്പെയ്ൻ ഉൾക്കൊണ്ടു എന്നാണ് പരിശോധിക്കുന്നത്. ജീവനി- നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി ഫാം ഇൻഫോർമേഷൻ ബ്യൂറോ ഫോട്ടോയും വീഡിയോയും ശേഖരിച്ച് തുടങ്ങി. വീട്ടുവളപ്പിലും ടെറസിലും കൃഷി ചെയ്തവർ കൃഷിഭവനിലെ ഇ മെയിലിലേക്ക് ഫോട്ടോ അയക്കണം. കുടുംബ സമേതമുള്ള ഫോട്ടോയോ ഒരു മിനിട്ടിൽ കുറവ് ദൈർഘ്യമുള്ള വീഡിയോയോ ആണ് അയക്കേണ്ടത്. മെയ് 10ആണ് അവസാന തീയ്യതി. ജില്ലാ, സംസ്ഥാന തലങ്ങളിലാണ് തിരഞ്ഞെടുത്തവയ്ക്ക് അവാർഡ് നൽകുക.
ഈ മാസം ആദ്യം തന്നെ പത്ത് രൂപയുടെ മൂന്നര ലക്ഷം പാക്കറ്റുകൾ സന്നദ്ധ പ്രവർത്തകർ വഴി വിതരണം നടത്തിയതായി ജില്ലാ കൃഷി ഓഫീസർ എ.കെ വിജയൻ പറഞ്ഞു. അതേസമയം ഇനിയും ആവശ്യമുയരുന്നുണ്ട്. ജില്ലാ കൃഷിത്തോട്ടത്തിൽ നിന്നും 15000 പാക്കറ്റുകൾ അടക്കം വി.എഫ്.പി.സി.കെയുടെയും സഹായത്തോടെ മൂന്നര ലക്ഷം പാക്കറ്റാണ് ജില്ലയിൽ നൽകിയത്. അതേസമയം വെള്ളരി, ഇളവൻ എന്നിവയൊക്കെ ആവശ്യത്തിലധികം ഉത്പാദനമുണ്ടായി. ചീരയും പച്ചമുളകുമെല്ലാം കുറവായിരുന്നു. തക്കാളി പോലെയുള്ള വിളകളും നന്നായി പ്രോത്സാഹിപ്പിച്ചാൽ മലയാളികളുടെ ഭക്ഷണ കാര്യത്തിൽ പഞ്ഞം ഉണ്ടാകില്ല. ഇതര സംസ്ഥാന ലോബിയെ ആശ്രയിക്കാതെ കഴിയാനാകും.