തലശ്ശേരി : ഇരു പാദങ്ങളുമില്ലാതെ തെരുവിൽ കഴിയുന്ന ലോട്ടറി തൊഴിലാളിക്കും ഭാര്യയ്ക്കും തുണയായി രാജീവ് ഗാന്ധി പീസ് ഫൗണ്ടേഷനും ജനമൈത്രി പൊലീസും. ലോക് ഡൗണിനെ തുടർന്ന് അടച്ചിട്ട തലശ്ശേരി പഴയ ബസ്റ്റാന്റ് ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിലെ ബേക്കറിക്ക് സമീപത്തെ കടവരാന്തയിലാണ് എം.കെ. ഖാദറും ഭാര്യ എ.കെ ഫാത്തിമയും ചുട്ടുപൊള്ളുന്ന പകലിലും, തെരുവുനായ്ക്കൾ വിഹരിക്കുന്ന രാത്രികളിലും തള്ളി നീക്കിയിരുന്നത്. സന്നദ്ധ സംഘടനകൾ എത്തിച്ചു നൽകുന്ന ഭക്ഷണവും വെള്ളവുമാണ് ഇവരുടെ ആശ്രയം. അമ്പത്തിമൂന്നുകാരനായ ഖാദർ വയനാട് പുൽപ്പള്ളി പെരിക്കൽ സ്വദേശിയും ഭാര്യ ഊട്ടി സ്വദേശിനിയുമാണ്.
ഇക്കഴിഞ്ഞ മാർച്ച് 21 നാണ് ഇരുവരും തലശ്ശേരിയിൽ എത്തിപ്പെട്ടത്. അബ്ദുൾ ഖാദർ. യുവാവായിരുന്നപ്പോൾ തീവണ്ടിയിൽ ചായ വിൽപ്പനക്കാരനായിരുന്നു. 2004ൽ ദുരിതം വീഴ്ചയുടെ രൂപത്തിലാണ് ഖാദറിനെ പിടികൂടിയത്. പഴയങ്ങാടിയിൽ നിന്ന് ചായ വിൽപ്പനയ്ക്കിടെ വണ്ടിയിൽ നിന്ന് വീണ് ഇരു പാദങ്ങളും അറ്റുപോയി. അന്നുണ്ടായ പരിക്കുമൂലം നടുവിന് ശക്തി കുറഞ്ഞു. അതോടെ നല്ല വരുമാനമുള്ള പണിയൊന്നും ചെയ്യാൻ കഴിയാതെ ആയി. ലോട്ടറി തൊഴിലായി തുടർന്നുള്ള ജീവിതമാർഗം. ഭാര്യക്കൊപ്പമാണ് ലോട്ടറി വിൽപ്പന. ഇവർക്കുമുണ്ട് ആരോഗ്യപ്രശ്നം. കൂനുള്ളതിനാൽ ശരിക്ക് നിവർന്നു നിൽക്കാനാകില്ല. ഇരുവർക്കും മക്കളില്ല.
പട്ടണങ്ങൾ തോറും സഞ്ചരിച്ചാണ് ഇവർ ലോട്ടറി വിൽപ്പന നടത്തുന്നത്. ഒരു വർഷമായി നാട്ടിൽ പോയിട്ട്. കുറച്ചു കാലമായി, താമസിക്കാൻ മട്ടന്നൂരിലൊരു മുറിയുണ്ട്. അങ്ങോട്ടേക്കുള്ള യാതയ്ക്കിടെയാണ് തലശ്ശേരിയിലെത്തിയത്. തത്കാലം മട്ടന്നൂരിലെ താമസസ്ഥലത്തെങ്കിലും എത്തിക്കണം എന്നായിരുന്നു അബ്ദുൾ ഖാദറിന്റെ ആവശ്യം. ഇതേ തുടർന്ന് രാജീവ് ഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാൻ എം.പി അരവിന്ദാക്ഷന്റെ നേതൃത്വത്തിൽ ഫൗണ്ടേഷൻ അംഗങ്ങളായ കെ.എസ് ശ്രീനിവാസൻ, സി.എം സുധിൻ എന്നിവരും ജനമൈത്രി എ.എസ്. ഐ നജീബ്, സിവിൽ പൊലീസ് ഓഫീസർമാരായ കെ.എം. ഷിബു, കെ.വി ജാഫർ എന്നിവർ ഇരുവരെയും മട്ടന്നൂരിലേക്ക് യാത്രയാക്കി. ഫൗണ്ടേഷൻ ഇവർക്ക് തുടർന്നുള്ള ദിവസങ്ങളിലേക്കുള്ള ചെലവിനായി ഒരു തുകയും ജനമൈത്രി പൊലീസ് ഭക്ഷ്യധാന്യ കിറ്റും കൈമാറി.